അധികാരം പിടിക്കാന്‍ കടുത്ത മത്സരമായിരിക്കും ഇക്കുറി ചത്തീസ്ഗഢില്‍ നടക്കുകയെന്നാണ് അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നത്. 90 അംഗ നിയമസഭയില്‍ 49 സീറ്റുകള്‍ നേടിയാണ് 2013-ല്‍ ബിജെപി അധികാരത്തിലെത്തിയത്.
ദില്ലി: ഈ വര്‍ഷം ഡിസംബറില്‍ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് അഭിപ്രായ സര്‍വ്വേ. പ്രമുഖ ഹിന്ദി ന്യൂസ് ചാനലായ എബിപി ന്യൂസും സി വോട്ടര്‍ സര്‍വ്വേയും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വ്വേയാണ് കോണ്‍ഗ്രസിന്‍റെ തിരിച്ചു വരവ് പ്രവചിക്കുന്നത്.
സര്‍വ്വേയില്‍ പറയുന്നത്...
രാജസ്ഥാന്‍
200 സീറ്റുകളുള്ള രാജസ്ഥാനില്‍ 163 സീറ്റുകള്‍ നേടിയാണ് 2013-ല്‍ ബിജെപി അധികാരത്തില്‍ വന്നതെങ്കില്‍ ഇക്കുറി 63 സീറ്റിലേക്ക് ബിജെപി ഒതുങ്ങുമെന്നാണ് എബിപി സര്‍വ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 21 സീറ്റുകള്‍ മാത്രം നേടി കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് 142 സീറ്റുകള്‍ വരെ നേടാന്‍ സാധ്യതയുണ്ട്. മറ്റു പാര്‍ട്ടികള്‍ രണ്ട് സീറ്റില്‍ കൂടുതല്‍ നേടാന്‍ സാധ്യതയില്ല. കോണ്‍ഗ്രസിന് 49.9 ശതമാനം വോട്ടുവിഹിതം പ്രവചിക്കുന്ന സര്‍വ്വേ ബിജെപിക്ക് 34 ശതമാനം വരെ വോട്ടുകള്‍ കിട്ടുമെന്നും പറയുന്നു.
മധ്യപ്രദേശ്
15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ശിവരാജ് സിംഗ് ചൗഹാന് കടുത്ത പോരാട്ടമായിരിക്കും ഇക്കുറി നേരിടേണ്ടി വരിക. 230 സീറ്റുകളിലേക്കായി നടക്കുന്ന തിരഞ്ഞെടുപ്പ് ജയിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് നിലവിലെ ജനവികാരം സൂചിപ്പിക്കുന്നത്. സര്‍വ്വേ ഫലം അനുസരിച്ച് ബിജെപിക്ക് 108 സീറ്റുകളും കോണ്‍ഗ്രസിന് 122 സീറ്റുകളും ലഭിക്കും.
അതേസമയം ഇരുപാര്‍ട്ടികളും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണ് വോടുവിഹിതത്തിലുള്ളതെന്നും ഇത് കടുത്ത മത്സരത്തെ സൂചിപ്പിക്കുന്നുവെന്നും സര്‍വേ വിലയിരുത്തുന്നു. കോണ്‍ഗ്രസിന് 42 ശതമാനവും ബിജെപിക്ക് 41.5 ശതമാനവും വോട്ട് വിഹിതവുമാണ് അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നത്. 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടിയാണ് മധ്യപ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് 58 സീറ്റില്‍ ഒതുങ്ങി.
ചത്തീസ്ഗഢ്
അധികാരം പിടിക്കാന്‍ കടുത്ത മത്സരമായിരിക്കും ഇക്കുറി ചത്തീസ്ഗഢില്‍ നടക്കുകയെന്നാണ് അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നത്. 90 അംഗ നിയമസഭയില്‍ 49 സീറ്റുകള്‍ നേടിയാണ് 2013-ല്‍ ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി ബിജെപിയുടെ സീറ്റ് നില 40 ആയി ചുരുങ്ങുമെന്നും കോണ്‍ഗ്രസ് നിലവിലെ 39-ല്‍ നിന്നും 47 ആക്കി സീറ്റുകളുടെ എണ്ണം ഉയര്‍ത്തുമെന്നുമാണ് സര്‍വ്വേ ഫലം. എന്നാല്‍ ഇരുപാര്‍ട്ടികള്‍ക്കുമായി സര്‍വ്വേ പ്രവചിക്കുന്ന വോട്ടുവിഹിതം ശക്തമായ മത്സരത്തിന്‍റെ പ്രതീതിയാണ് ജനിപ്പിക്കുന്നത്. കോണ്‍ഗ്രസിന് 38.9 ശതമാനം വോട്ടുകളും ബിജെപിക്ക് 38.6 ശതമാനം വോട്ടുകളും.
രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം തെലങ്കാനയിലും മിസ്സോറാമിലുമാണ് നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്.
മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും. ചത്തീസ്ഗഡില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുക, ആദ്യ ഘട്ടം നവംബര്‍ 12 നും,രണ്ടാം ഘട്ടം നവംബര്‍ 20 നും നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11നാണ്.
