കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം നിയന്ത്രണം തെറ്റിയ സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. കനത്ത മഴ കാരണമാണ് വിമാനം നിയന്ത്രണം തെറ്റി ഓടയിലേക്ക് വീണതെന്നാണ് എയർ ഇന്ത്യ അധികൃതരുടെ വിശദീകരണം. മഴ മൂലം പൈലറ്റിൻ്റെ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായത്. യാത്രക്കാരുടെ സാധനങ്ങൾ വീടുകളിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. 

അതേസമയം, സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച പുലർച്ചെ 2.40 ന് അബുദാബി-കൊച്ചി എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അബുദാബിയിൽനിന്നും കൊച്ചിയിലേക്കുവന്ന വിമാനം റൺവേയിൽ ഇറങ്ങിയ ശേഷം ഓടയിലേക്ക്  വീഴുകയായിരുന്നു. 102 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.