യു.എ.ഇ ഗതാഗത നിയമം അനുസരിച്ച് ശബ്ദമലിനീകരണത്തിന് 2,000 ദിര്‍ഹം വരെ പിഴയും ഡ്രൈവര്‍മാര്‍ക്ക് 12 ബ്ലാക്ക് പോയിന്റുകള്‍ വരെയുമാണ് ശിക്ഷ.

അബുദാബി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ശബ്ദ മലിനീകരണമുണ്ടാക്കിയതിന്റെ പേരില്‍ 626 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്ന് അബുദാബി പൊലീസ് അറിയിച്ചു. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ ഉയര്‍ന്ന ശബ്ദത്തിലുള്ള പാട്ട് വെയ്ക്കുന്നതും നിയമ വിരുദ്ധമാണെന്നും ഇങ്ങനെ ചെയ്യുന്നവര്‍ക്ക് പിഴ ചുമത്തുന്നതിനൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

യു.എ.ഇ ഗതാഗത നിയമം അനുസരിച്ച് ശബ്ദമലിനീകരണത്തിന് 2,000 ദിര്‍ഹം വരെ പിഴയും ഡ്രൈവര്‍മാര്‍ക്ക് 12 ബ്ലാക്ക് പോയിന്റുകള്‍ വരെയുമാണ് ശിക്ഷ. മറ്റ് ഡ്രൈവര്‍മാരുടെ പോലും മാനസിക നില തകരാറിലാക്കാനും അപകടങ്ങളുണ്ടാക്കാനും പോന്ന കുറ്റമായാണ് ഇതിനെ നിയമം കണക്കാക്കുന്നതെന്ന് ട്രാഫിക് കണ്‍ട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഖലീഫ അല്‍ ഖൈലി പറഞ്ഞു. വാഹനത്തില്‍ നിയമവിരുദ്ധമായി മാറ്റങ്ങള്‍ വരുത്തിയും എഞ്ചിനുകള്‍ റേസ് ചെയ്തും അനാവശ്യമായി ഹോണ്‍ മുഴക്കിയും ശബ്ദമുണ്ടാക്കാക്കുന്നത് കുറ്റകരമാണ്.