തെലങ്കാന നലഗോണ്ട ജില്ലയിലെ മിര്‍യാലഗുഡയില്‍ നടക്കാനിരിക്കുന്ന പ്രണയദിനാഘോഷത്തിനെതിരെ എബിവിപി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രദേശത്തെ സ്വകാര്യ ഹോട്ടലിലാണ് ആഘോഷം ക്രമീകരിച്ചിരിക്കുന്നത്. ഇവിടേക്ക് പ്രകടനവവുമായി എബിവിപി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു
ഹെെദരാബാദ്: രാജ്യത്ത് പലയിടങ്ങളിലും പ്രണയദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ നടക്കുന്നതിനിടെ തടസവുമായി എബിവിപി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍. തെലങ്കാന നലഗോണ്ട ജില്ലയിലെ മിര്‍യാലഗുഡയില്‍ നടക്കാനിരിക്കുന്ന പ്രണയദിനാഘോഷത്തിനെതിരെ എബിവിപി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രദേശത്തെ സ്വകാര്യ ഹോട്ടലിലാണ് ആഘോഷം ക്രമീകരിച്ചിരിക്കുന്നത്. ഇവിടേക്ക് പ്രകടനവുമായി എബിവിപി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. പാശ്ചാത്യ പാരമ്പര്യങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.
പ്രവര്‍ത്തകര്‍ ഹോട്ടലിന്‍റെ മുന്നില്‍ നിന്ന് മാറാതിരുന്നതോടെ പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ പ്രണയദിനത്തിൽ കമിതാക്കള്‍ പൊതുസ്ഥലങ്ങളില്‍ സ്‌നേഹപ്രകടനം നടത്തിയാല്‍ വീഡിയോ എടുക്കുമെന്ന മുന്നറിയിപ്പുമായി ബജ്‌റംഗദള്‍ രംഗത്ത് വന്നിരുന്നു.
ആഘോഷത്തിന്റെ പേരില്‍ മോശമായി ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് വീഡിയോ ഏടുക്കുന്നതെന്നും ഇതിനായി 250 വോളണ്ടിയര്‍മാരെ വിവിധ സ്ഥലങ്ങളിലായി നിയോഗിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതോടൊപ്പം മാളുകളിലും ഭക്ഷണശാലകളിലും വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അനുവദിക്കരുതെന്നും ബജ്‌റംഗദള്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെയും വാലന്റൈന്‍സ് ഡേയ്‌ക്കെതിരെ ബജ്‌റംഗദള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. വിഎച്ച്പിയും ബജ്‌റംഗദളും ഉള്‍പ്പെടെയുള്ള സംഘടനകള്‍ വാലന്റൈന്‍സ് ഡേയില്‍ പബ്ബുകള്‍ ആക്രമിക്കുകയും കമിതാക്കളെ വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു. ' ബാന്‍ വാലന്റൈന്‍സ് ഡേ, സേവ് ഇന്ത്യന്‍ കള്‍ച്ചര്‍' എന്ന മുദ്രാവാക്യവുമായി കോലം കത്തിക്കലും പ്രതിഷേധ പ്രകടനങ്ങളും നടത്താറുള്ളത്.
