തിരുവനന്തപുരം: ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ പാടെ നിഷേധിച്ച് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍. അക്കാദമിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളെല്ലാം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുന്നതില്‍ വിരോധമില്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. സ്വകാര്യ ഹോട്ടലില്‍ നിടന്ന വാര്‍ത്താ സമ്മേളന വേദിയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായി എത്തി.
വിദ്യാര്‍ത്ഥി സംഘടനകളുടെ ഒറ്റക്കെട്ടായ പ്രതിഷേധത്തെ തുടര്‍ന്ന് 11 ദിവസമായി ലോ അക്കാദമി അടഞ്ഞുകിടക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ എട്ടംഗ സമിതിയെ വച്ച് അന്വേഷണം നടത്താന്‍ കേരള സര്‍വ്വകലാശാലാ സിന്റിക്കേറ്റ് തീരുമാനമെടുത്തു. ക്ലാസ് നടത്താന്‍ അക്കാദമി അധികൃതര്‍ ഹൈക്കോടതി വിഴി പൊലീസ് സഹായം നേടി. ഈ സാഹചര്യത്തിലാണ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ വിശദീകരണവുമായി എത്തിയത്.
വിദ്യാര്‍ത്ഥികളെ ചട്ടുകമാക്കുന്ന ചിലര്‍ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ലക്ഷ്മി നായരുടെ ആരോപണം. ന്യായമായ പരാതികള്‍ കേള്‍ക്കാം. പക്ഷെ പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് മാറണമെന്ന ആവശ്യം അംഗീകരിക്കില്ല. വ്യക്തിപമായും ലോ അക്കാദമിയുമായി ബന്ധപ്പെട്ട് പൊതുവെയും ഉയര്‍ന്ന ആരോപണങ്ങളില്‍ എന്ത് അന്വേഷണം വേണമെങ്കിലും നടക്കട്ടെ എന്നും ലക്ഷ്മി നായര്‍ വെല്ലുവിളിച്ചു. സ്വകാര്യ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനം പകുതിയാകും മുന്‍പെ എബിവിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളും കരിങ്കൊടിയുമായി എത്തി. ഹോട്ടലിനു പുറത്തും പ്രതിഷേധക്കാരുണ്ടായിരുന്നു.
