ദില്ലി: പൊതുമരാമത്തു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറില്‍ ക്രമക്കേട് നടത്തിയതിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സഹോദരന്റെ നിര്‍മ്മാണ കമ്പനിക്കെതിരെ അഴിമതി വിരുദ്ധ വിഭാഗം കേസെടുത്തു. കെജ്‌രിവാളിനെതിരെ നടപടിയെടുക്കണോയെന്ന് പരിശോധിച്ച ശേഷം തീരുമാനമെടുക്കും.

ദില്ലി സര്‍ക്കാരില്‍ നിന്ന് നിയമവിരുദ്ധമായി ടെന്‍ഡര്‍ നേടിയ ശേഷം പണിയാത്ത റോഡിനും ഓടയ്ക്കും കരാര്‍ തുക സ്വന്തമാക്കിയെന്ന പരാതിയിലാണ് ഞായറാഴ്ച്ച ഹൃദായാഘാതം കാരണം മരിച്ച സുരേന്ദര്‍ കുമാര്‍ ബാന്‍സാലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരായ കേസ്. നിര്‍മ്മാണ കമ്പനി വ്യാജരേഖയും ബില്ലും ഉണ്ടാക്കി പണം തട്ടിയെന്ന് പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ദില്ലി പൊലീസിനു കീഴിലുള്ള അഴിമതി വിരുദ്ധ വിഭാഗം വ്യക്തമാക്കി. 

ക്രമക്കേടില്‍ കെജ്‌രിവാളിനും പൊതുമരാമത്ത് മന്ത്രി സത്യേന്ദ്ര ജയിനും പങ്കുണ്ടെന്ന ആക്ഷേപത്തില്‍ പരിശോധന തുടരുകയാണ്. ഭാര്യാ സഹോദരന്റെ അനധികൃത ഭൂമി ഇടപാടിന് കെജ്‌രിവാള്‍ സഹായിച്ചെന്ന മുന്‍ മന്ത്രി കപില്‍ മിശ്രയുടെ പരാതിയും അഴിമതി വിരുദ്ധ വിഭാഗത്തിന് മുന്നിലെത്തിയിട്ടുണ്ട്. കോഴ ആരോപണത്തില്‍ കെജ്!രിവാള്‍ മൗനം തുടരുന്നതിനിടെ കപില്‍ മിശ്ര സ്വന്തം വീടിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. 

സത്യേന്ദ്ര ജെയ്ന്‍, ആശിഷ് ഖേതന്‍ എന്നിവരടക്കം അഞ്ച് ആംആദ്മി പാര്‍ട്ടിനേതാക്കളുടെ വിദേശയാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സത്യഗ്രഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫണ്ടില്ലെന്ന് വിലപിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് തരംപോലെ വിദേശയാത്ര നടത്താന്‍ എവിടെ നിന്നാണ് പണമെന്നാണ് കപില്‍ മിശ്രയുടെ ചോദ്യം.

വിദേശ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയ ആദായ നികുതി വകുപ്പ് രണ്ട് കോടി രൂപ കുറച്ച് കാണിച്ചതിന് ആംആദ്മി പാര്‍ട്ടിക്ക് നോട്ടീസ് അയച്ചു. രണ്ട് കോടി കോഴ കൈപറ്റിയെന്ന ആരോപണത്തിനിടെ ഭാര്യാ സഹോദരന്‍ന്റെ കമ്പനിക്കെതിരായ കേസ് കെജ്‌രിവാളിന് വിലിയ തിരിച്ചടിയായിരിക്കുകയാണ്.