ആലപ്പുഴ: ചൊവ്വാഴ്ച്ച രാത്രി ആലപ്പുഴയില്‍ നടന്ന വാഹനാപകടത്തില്‍ ദുരൂഹതയേറുന്നു. അപകടം സംഭവിച്ചയാളുടെ മൃതദേഹം 15 കിലോമീറ്റര്‍ അകലെ വിവസ്ത്രമായ നിലയില്‍ കണ്ടെത്തിയതാണ് ദുരൂഹതയ്ക്ക് കാരണം. കലവൂര്‍ ഹനുമാരുവെളി സ്വദേശി സുനില്‍ കുമാറാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാളുടെ മൃതദേഹം കളര്‍കോട് ജംഗഷനില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച്ച രാത്രി തോട്ടപ്പള്ളിയില്‍ നിന്ന് ഇയാളെ വാഹനമിടിക്കുന്നത് നേരില്‍ കണ്ടയാളാണ് പോലീസില്‍ വിവരമറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും അപകടത്തില്‍പ്പെട്ടയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേസമയം ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഇവിടെ നിന്നും പോലീസിന് ലഭിച്ചിരുന്നു.
അപകടം നടന്ന് മൃതദേഹം 15 കിലോമീറ്റര്‍ മാറിയതിനാലാണ് സംഭവത്തിതല്‍ ദുരൂഹതയേറുന്ന്ത്. ഇതേ സമയം പരിക്കേറ്റ് വഴിയില്‍ കിടന്ന സുനില്‍ കുമാറിനെ ആരെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാം. വഴിയില്‍ വച്ച് മരണം സംഭവിച്ചതിനാല്‍ ഉപേക്ഷിച്ചതാമെന്നും പോലീസ് സംശയിക്കുന്നു.
എന്നാല്‍ ഇടിച്ച വാഹനത്തില്‍ തന്നെയുള്ളവര്‍ ഇവിടെ ഉപേക്ഷിച്ചതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഇല്ലാതിരുന്നത് കൊലപാതകമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. സുനില്‍കുമാറിന്റെ മകനെത്തിയാണ് ഇയാളെ തിരിച്ചറിഞ്ഞത്. നാല് ദിവസം മുന്‍പ് ഇയാള്‍ വീടു വിട്ടിറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
