റിമാന്‍റ് പ്രതി മരിച്ച സംഭവം: പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും
കൊല്ലം: റിമാന്റ് പ്രതി മനുവിന്റെ മരണം കൊട്ടാരക്കര റൂറല് എസ്പിയുടെ നേതൃത്വത്തില് പ്രത്യേക സംഘം അന്വേഷിക്കും. മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും എക്സൈസ് ഓഫീസ് ഉപരോധിച്ചു. അതേസമയം മനുവിന് മര്ദ്ദനമേറ്റിട്ടില്ലെന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.
കൊട്ടാരക്കര എക്സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മനുവിനെ മര്ദ്ദിച്ചതെന്ന് ആരോപിച്ച് ഭാര്യ രഞ്ജുവും ബന്ധുക്കളും റൂറല് എസ്പിക്ക് പരാതി നല്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിനുള്ള തീരുമാനം.
എക്സൈസ് സിഐയുടെ മൊഴിയെടുക്കും.പൂജപ്പുര പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്. എക്സൈസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. മനുവിന്റെ മൃതദേഹവുമായി അരമണിക്കൂര് കൊട്ടാരക്കരയില് ദേശീയപാത ഉപരോധിച്ചു
ശാരീരിക അസ്വാസ്ഥ്യം ഉള്ള മനു ചില മരുന്നുകള് കഴിച്ചിരുന്നു. മദ്യപാനശീലവുമുണ്ടായിരുന്ന ഇയാള് മദ്യം കിട്ടാതെ വരുമ്പോള് അക്രമവാസന പ്രകടിപ്പിച്ചിരുന്നെന്നും മെഡിക്കല് കോളേജിലെ ഡോക്ടര്മാര് പറഞ്ഞു. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് നാളെ അന്വേഷണ സംഘത്തിന് കൈമാറും.
