ഗുജറാത്തിലെ ഹിമ്മത്നഗറില്‍ 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ബലാത്സംഗത്തിനിരയായി. ബലാത്സംഗം ചെയ്തത് ബിഹാര്‍ സ്വദേശിയാണെന്ന ആരോപണത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഗുജറാത്തില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്യുന്നു.
അഹമ്മദാബാദ്: ഗുജറാത്തിലെ ഹിമ്മത്നഗറില്‍ 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ബലാത്സംഗത്തിനിരയായി. ബലാത്സംഗം ചെയ്തത് ബിഹാര്‍ സ്വദേശിയാണെന്ന ആരോപണത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഗുജറാത്തില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്യുന്നു.
വടക്കന്‍ ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന പതിനായിരത്തോളം വരുന്ന ബിഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികള്‍ തിരികെ പോകുകയാണ്. ബിഹാറില്‍ നിന്നുള്ള രവീന്ദ്ര സാഹു എന്ന തൊഴിലാളിയെ ബലാത്സംഗം കേസില്‍ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാന്ധിനഗര്‍, അഹമ്മദാബാദ്, സബര്‍കാന്ത, മെഹ്സാന തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രക്ഷോഭങ്ങളുണ്ടായത്.
ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിക്കാന്‍ പദ്ധതിയിട്ട 150 ലേറെപ്പേരെ സബര്‍കന്തയില്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഗുജറാത്ത് ഡി.ജി.പി ശിവാനന്ദ് ഝാ പറഞ്ഞു. ആറ് ജില്ലകളിലേക്ക് പ്രശ്നം വ്യാപിച്ചിട്ടുണ്ടെങ്കിലും മെഹ്സാന, സബര്‍കാന്ത ജില്ലകളില്‍ ഇത് കലാപത്തിന് സമമാണ്. 42 കേസുകള്‍ എടുത്തതില്‍ 342 പേര്‍ അറസ്റ്റിലായി. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും ശിവാനന്ദ് ഝാ പറഞ്ഞു.
ബലാത്സംഗത്തിന് ഇരയായ കുട്ടി ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. കഴിഞ്ഞ നാലഞ്ച് ദിവസത്തിനുള്ളില്‍ അഹമ്മദാബാദ്, മെഹ്സാന, ഗാന്ധിനഗര്‍, സബര്‍കാന്ത, അരാവലി ജില്ലകളിലേ ഠാക്കൂര്‍മാരുടെ ഫാക്ടറികളിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഇവിടങ്ങളിലെ തോഴില്‍ശാലകള്‍ക്ക് പോലീസ് സംരക്ഷണം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് ഠാക്കൂര്‍ ജനങ്ങളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഠാക്കൂര്‍ സേനയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ അക്രമണം അഴിച്ചുവിടുന്നതെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണിത്.
ആരോപണങ്ങള്‍ അല്‍പേഷ് ഠാക്കൂര്‍ നിഷേധിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും തങ്ങള്‍ സമാധാനത്തെക്കുറിച്ചാണ് സംസാരിക്കാറാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഇന്ത്യക്കാരും ഗുജറാത്തില്‍ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
