24 ഡി.വൈ.എസ്.പിമാരെ എസ്.പിമാരാക്കാനുള്ള സ്ഥാനക്കയറ്റ പട്ടികയാണ് ഇന്നലെ വിജ്ഞാപനം ചെയ്തത്. ഇതില്‍ എട്ട് (എ)എന്ന നമ്പറിലാണ് അബ്ദുള്‍ റഷീദിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊല്ലത്തെ പത്രപ്രവര്‍ത്തകന്‍ ഉണ്ണിത്തന്‍ വധക്കേസിലെ പ്രതിയായ അബ്ദുള്‍ റഷീദിനെ സ്ഥാനകയറ്റ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലി ആഭ്യന്തരവകുപ്പില്‍ തന്നെ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് വിവരം. പക്ഷേ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവിന് വേണ്ടി വലിയ ചരടുവലി നടത്തിയാണ് എട്ട് (എ) നമ്പറില്‍ പേര് തിരുകി കയറ്റിയത്.
സ്ഥാനയകയറ്റം നല്‍കാനുള്ള പട്ടിക ആഭ്യന്തര സെക്രട്ടറി അധ്യക്ഷയായ സമിതി ചേര്‍ന്ന് അംഗീകരിച്ച് മുഖ്യമന്ത്രി ഒപ്പിട്ടിട്ടും വിജ്‍ഞാപമിറങ്ങാതെ പൂഴ്ത്തിവച്ചിരുന്നു. അബ്ദുള്‍ റഷീദിനെതിരായ വകുപ്പതല അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് വിജ്ഞാപനം വൈകിച്ചതെന്നാണ് ആക്ഷേപം. തിടുക്കത്തില്‍ ഇവ പൂര്‍ത്തിയാക്കിയാണ് പട്ടിക ഇന്നലെ പുറത്തിറക്കിയത്.
