ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പോലീസുദ്യോഗസ്ഥന്‍ ഒളിവില്‍. നാര്‍ക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥനും പൂങ്കാവ് സ്വദേശിയുമായ നെല്‍സണാണ് ദിവസങ്ങളായി ഒളിവില്‍ കഴിയുന്നത്. സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നെല്‍സണെ പിടികൂടാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ആലപ്പുഴ മംഗലം സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ ആതിരയെന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയെ ആതിര വീട്ടില്‍ നിന്ന് സ്ഥിരമായി വിളിച്ചു കൊണ്ടു പോയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു വെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നതും പോലീസ് കേസ് എടുക്കുന്നതും. ആതിര പെണ്‍കുട്ടിയെ വിവിധ ഹോട്ടലുകളില്‍ കൂടെ കൊണ്ടുപോയിരുന്നു. ഇതിനിടെയായിരുന്നു പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമമുണ്ടായത്. പോലീസുദ്യോഗസ്ഥനായ നെല്‍സണ്‍ അടക്കമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. ഇതോടെ നെല്‍സണ്‍ ഒളിവില്‍ പോകുകയായിരുന്നു.
ആലപ്പുഴ ഡിവൈഎസ്പിപിവി ബേബിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും കേസില്‍ പ്രതിയായ ആതിരയുടെ 5 വയസ്സുള്ള മകളെയും ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചു. കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പെണ്‍കുട്ടിയില്‍ നിന്ന് കൂടുതല്‍ ചോദിച്ചറിഞ്ഞ ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് ആലപ്പുഴ എസ്പി പറഞ്ഞു.
