കൊല്ലം: കൊല്ലത്തു സ്കൂൾ കെട്ടിടത്തിൽനിന്നു വീണു വിദ്യാർഥിനി മരിച്ച സംഭവത്തിൽ കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്ന രണ്ട് അധ്യാപകരെയും സ്കൂളിൽനിന്നു പുറത്താക്കി. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ അധ്യാപകരായ സിന്ധു, ക്രസൻസ് എന്നിവരെയാണു പുറത്താക്കിയത്.
വിദ്യാർഥിനിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് അധ്യാപികമാർക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. അത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് സിന്ധു, ക്രസൻസ് എന്നിവർക്കെതിരേ കേസ് എടുത്തിട്ടുള്ളത്. അധ്യാപികമാർ ശകാരിച്ചതിൽ മനംനൊന്താണു മകൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്.
ആലാട്ടുകാവ് കെ.പി. ഹൗസിൽ പ്രസന്നകുമാറിന്റെ മകൾ ഗൗരി ഹേ (15) ആണു കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഗൗരി സ്കൂൾ കെട്ടിടത്തിൽനിന്നു വീണത്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
