കൊച്ചി: ആലുവയിൽ ഇന്നലെ കവ‍ർച്ച നടത്തിയ സംഘം ഉടൻ വലയിലാകുമെന്നാണ് പ്രതീക്ഷയെന്ന് റൂറൽ എസ്പി എ.വി.ജോർജ്. ഇതരസംസ്ഥാന നിർമ്മാണ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രൊഫഷണൽ കവർച്ചാ സംഘങ്ങളുടെ സാധ്യതയും തള്ളിക്കളയുന്നില്ലെന്നും എവി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

ആലുവ മഹിളാലയം കവലയിൽ പടിഞ്ഞാറേ അബ്ദുള്ളയുടെ വീട്ടിലാണ് കവർച്ച നടന്നത്. അബ്ദുള്ളയും കുടുംബവും രാവിലെ മലപ്പുറം മമ്പുറത്ത് തീർത്ഥാടാനത്തിന് പോയിരുന്നു. രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിൽ വീടിന് പുറകിലെ വാതിൽ തകർത്താണ് അകത്ത് കടന്നതെന്ന് കണ്ടെത്തി. വീട്ടുകാർ വീടിന് പുറകിൽ സൂക്ഷിച്ച പണിയായുധങ്ങൾ ഉപയോഗിച്ചാണ് കവർച്ച സംഘം താഴ് തകർത്ത് അകത്ത് കടന്നത്.

110 പവൻ സ്വർണവും, 90,000 രൂപയുമാണ് ഇരുമ്പ് അലമാര തകർത്ത സംഘം കവർന്നത്. കവർച്ചയ്ക്ക് ശേഷം സംഘം പുറകിലെ മതിൽചാടിക്കടന്ന് രക്ഷപ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. സമീപത്തെ ബാങ്കിന്‍റെയും ഫ്ലാറ്റിന്‍റെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 

ഒരു മാസം മുമ്പ് കൊച്ചി നഗരത്തിൽ വീടിന്‍റെ ജനൽക്കമ്പി അറുത്ത് വീട്ടുകാരെ കെട്ടിയിട്ട് മോഷണം നടത്തിയ സംഘത്തെ കഴിഞ്ഞ ദിവസം ദില്ലിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും കവർച്ച നടന്നത് പൊലീസിനെയും അമ്പരപ്പിച്ചിരിക്കുകയാണ്.