കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ എല്ലാ മത്സരഫലങ്ങളും കൃത്യമായി പ്രവചിച്ച അക്കില്ലസ് ലോകകപ്പിലും അതാവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്

മോസ്കോ: ലോക റാങ്കിംഗില്‍ സൗദി അറേബ്യയേക്കാള്‍ പിന്നിലാണെങ്കിലും ലോകകപ്പിന്‍റെ ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരാജ്യം വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെ ടീമിന്‍റെ പ്രകടനം അത്ര മികച്ചതല്ലാത്തത് അവരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിനിടെയാണ് ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്ന് അക്കില്ലസിന്‍റെ പ്രവചനം വന്നിരിക്കുന്നത്.

കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ എല്ലാ മത്സരഫലങ്ങളും കൃത്യമായി പ്രവചിച്ച അക്കില്ലസ് ലോകകപ്പിലും അതാവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലോകകപ്പില്‍ അക്കില്ലസിന്‍റെ കന്നി പ്രവചനം ആതിഥേയരായ റഷ്യയ്ക്ക് അനുകൂലമായിരിക്കുകയാണ്.

സൗദിയുടെയും റഷ്യയുടെയും പതാകകൾക്ക് മുന്നിൽ വച്ചിരുന്ന പാത്രത്തില്‍ നിന്ന് ഭക്ഷണം തെരഞ്ഞെടുത്താണ് അക്കില്ലസ് വിജയിയെ പ്രവചിച്ചത്. മോസ്കോയിലെ സ്റ്റേറ്റ് ഹെർമിറ്റേജ് മ്യൂസിയത്തിലെ താമസക്കാരനായ അക്കില്ലസിനെ ലോകകപ്പ് പ്രമാണിച്ച് റെസ്പബ്ലിക്ക കൊഷെക് ക്യാറ്റ് കഫെയിലേക്ക് മാറ്റിയിട്ടുണ്ട്.