കഴിഞ്ഞ കോണ്‍ഫെഡറേഷൻസ് കപ്പില്‍ നൂറ് ശതമാനം കൃത്യമായ പ്രവചനമായിരുന്നു

മോസ്കോ: ലോക കിരീടം പ്രവചനങ്ങളുമായി സജീവമാണ് ആരാധക‍ർ. എന്നാൽ പ്രവാചകരിലെ പ്രവാചകനാകാൻ തയ്യാറെടുക്കുകയാണ് റഷ്യക്കാരൻ അക്കില്ലസ്. 2010ലെ ലോകകപ്പ് ഫുട്ബോൾ വിജയികളെ പ്രവചിച്ച് വാർത്തകളിലിടം നേടിയ പോൾ നീരാളിക്ക് 2018 ൽ ഒരു പിൻഗാമിയെ ലഭിച്ചിരിക്കുന്നു. അക്കില്ലസ് എന്ന പൂച്ചയാണ് താരങ്ങളുടെയും ആരാധകരുടെയും നെഞ്ചിടിപ്പുയർത്തി പ്രവചനം നടത്താൻ പോകുന്നത്.

ഇനിയുള്ള ഒരു മാസം ലോകം കാതോർക്കുക ബധിരനായ അക്കില്ലസിന്‍റെ വാക്കുകൾക്ക് ആയിരിക്കും. കഴിഞ്ഞ കോണ്‍ഫെഡറേഷൻസ് കപ്പിലെ നൂറ് ശതമാനം കൃത്യമായ പ്രവചനത്തിന് പിന്നാലെയാണ് അക്കില്ലസ് പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. അതത് രാജ്യങ്ങളുടെ പതാകകൾക്ക് മുന്നിൽ വച്ചിരിക്കുന്ന ഭക്ഷണപാത്രം തെരഞ്ഞെടുത്താണ് അക്കില്ലസ് ലോകകപ്പിന്‍റെ അവകാശിയെ പ്രവചിക്കുക.

മോസ്കോയിലെ സ്റ്റേറ്റ് ഹെർമിറ്റേജ് മ്യൂസിയത്തിലെ താമസക്കാരനായ അക്കില്ലസിനെ ലോകകപ്പ് പ്രമാണിച്ച് റെസ്പബ്ലിക്ക കൊഷെക് ക്യാറ്റ് കഫെയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ ചുവപ്പ് ജഴ്സിയണിഞ്ഞ് ലോകകപ്പ് പ്രവചനത്തിനുള്ള പരിശീലനത്തിലാണ് അക്കില്ലസ്.