കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ ഒറ്റ വരിയില്‍ പ്രസംഗം ഒതുക്കി വി.എസ്. ഏറെ കൗതുകത്തോടെ രാഷ്ട്രീയ കേരളം കാത്തിരുന്ന പൂഞ്ഞാര്‍ പ്രസംഗം വി.എസ്. ഒറ്റ വരിയില്‍ തീര്‍ത്തത് ഇടതു കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. തുട്ടുവാങ്ങി ഭരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഭരണം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സി. ജോസഫിനു വോട്ടു ചെയ്യണമെന്നു മാത്രമാണു വി.എസ്. പറഞ്ഞത്.

മുഖ്യമന്ത്രിയായി വി.എസ്. വന്നാല്‍, വി.എസിനായി കൈ ഉയര്‍ത്തുമെന്നു പി.സി. ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകളും നടന്നു. ഈ സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിച്ചിരുന്നു, വി.എസിന്റെ പൂഞ്ഞാര്‍ പ്രസംഗത്തിന്. വലിയ ആവേശത്തോടെയുള്ള സ്വീകരണമാണ് വി.എസിന് പൂഞ്ഞാറില്‍ ഒരുക്കിയത്. പ്രസംഗം കേള്‍ക്കാന്‍ നൂറുകണക്കിന് ആളുകളും എത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ അടക്കമുള്ള നേതാക്കള്‍ വി.എസിന്റെ നടപടിയില്‍ അമ്പരന്നു.