നിപ; പശ്ചാത്തലത്തില്‍ യാത്ര നിഷേധിച്ചാല്‍ ബസ് നടപടി ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടിയുണ്ടാകും

കോഴിക്കോട്: നിപ രോഗബാധയുടെ പശ്ചാത്തലത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കോ രോഗികളുടെ ബന്ധുക്കള്‍ക്കോ യാത്ര നിഷേധിച്ചാല്‍ ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടിയുണ്ടാകും. പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കാന്‍ ജോയിന്‍റ് ആര്‍ടിഒമാര്‍ക്ക് ഉത്തരമേഖല ട്രാന്‍സ്പോര്‍ട്ട് അസി. കമ്മീഷണറുടെ നിര്‍ദ്ദേശം.

അതേസമയം, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം പരിശോധിച്ചാൽ മതിയെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വകുപ്പ് മേധാവികൾക്ക് സർക്കുലർ അയച്ചു.

അത്യാവശ്യ കേസുകൾ അല്ലെങ്കിൽ രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് മറ്റ് ഗവണ്‍മെന്‍റ് ആശുപത്രികളെ സമീപിക്കണമെന്നാണ് പ്രധാന നിർദേശം. ഡോക്ടർമാർ, ജൂനിയർ റസിഡന്‍റുമാർ, ഹൗസ് സർജന്‍റ്സ് സ്റ്റാഫ് നഴ്സ് ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാർക്കും ഈ സാഹചര്യത്തിൽ ലീവ് അനുവദിക്കില്ലെന്നും അസുഖബാധയെ തുടർന്നുള്ള ലീവ് മെഡിക്കൽ ബോർഡിന്‍റെ സർട്ടിഫിക്കറ്റോടെ മാത്രമേ അനുവദിക്കാനാകൂവെന്നും സർക്കുലറിൽ പറയുന്നു.