ആധാര്‍ അനുബന്ധ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് ജനങ്ങളെ കബളിപ്പിച്ച എട്ട് വെബ്സൈറ്റുകള്‍ക്കെതിരെ നടപടി. ജനങ്ങളുടെ ആധാര്‍ നമ്പറും എന്‍റോള്‍മെന്റ് വിവരങ്ങളും ശേഖരിച്ച് ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യ, പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
aadhaarupdate.com, aadhaarindia.com, pvcaadhaar.in, aadhaarprinters.com, geteaadhaar.com, downloadaadhaarcard.in, aadharcopy.in, and duplicateaadharcard.com എന്നീ വെബ്സൈറ്റുകള്‍ക്കെതിരെയാണ് നടപടി. ഔദ്ദ്യോഗിക വെബ്സൈറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ വാഗ്ദാനം ചെയ്താണ് സൈറ്റുകളുടെ തട്ടിപ്പ്. ആധാറിലെ വിവരങ്ങള്‍ തിരുത്തുക, എ.ടി.എം കാര്‍ഡ് പോലെ കട്ടിയുള്ള ആധാര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എടുക്കാനുള്ള സംവിധാനം തുടങ്ങിയവ വാഗ്ദാനം ചെയ്താണ് സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കളില്‍ നിന്ന് ആധാര്‍ നമ്പര്‍, എന്‍റോള്‍മെന്റ് ഐ.ഡി തുടങ്ങിയവ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച് ദുരുപയോഗം ചെയ്യുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പലതവണ മുന്നറിയിപ്പ് നല്‍കുകയും പല സൈറ്റുകള്‍ അടച്ചുപൂട്ടുകയും ചെയ്തുവെങ്കിലും ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കുന്നുവെന്നാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി കണ്ടെത്തിയിരിക്കുന്നത്.
