ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്‍റെ ഫയലുകൾ കാണാതായ സംഭവത്തിൽ നടപടിക്ക് ശുപാർശ . നഗരസഭാ കൗണ്‍സിലാണ് നടപടിക്ക് ശുപാർശ ചെയ്തത് . ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി . സൂപ്രണ്ട് ഉൾപ്പടെ നാല് പേരെ സസ്പെന്‍റ് ചെയ്യാൻ ശുപാർശ .

മാത്തൂര്‍ ദേവസ്വത്തിന്‍റെ ഭൂമി കൈയ്യേറിയെന്ന പരാതിയിലും മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷിച്ച് നടപടിയെടുക്കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദേശം . ലാൻഡ് ബോർഡ് സെക്രട്ടറിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത് . ദേവസ്വത്തിന്‍റെ 34 ഏക്കര്‍ മന്ത്രി അനധികൃതമായി കൈവശം വച്ചെന്നാണ് പരാതി .

തോമസ് ചാണ്ടിയുടെ വീടിന്‍റെ തൊട്ടടുത്തുള്ള മാത്തൂര്‍ ദേവസ്വത്തിന്‍റെ 34 ഏക്കര്‍ കൃഷി നിലം മന്ത്രി കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണമാണ് മാത്തൂര്‍ ദേവസ്വം ഉയര്‍ത്തുന്നത്. ദേവസ്വത്തിന്‍റെ ഭൂമി നാല് മാസത്തിനകം ചേര്‍ത്തല ലാന്‍ഡ് ട്രൈബ്യൂണല്‍ യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ചേല്‍പിക്കണമെന്ന ഹൈക്കോടതി വിധി മൂന്ന് വര്‍ഷമായിട്ടും നടപ്പായില്ല. ഇതേ സംഭവത്തില്‍ മന്ത്രി തോമസ് ചാണ്ടിയ്ക്കും കുടുംബാംഗങ്ങള്‍ക്കും രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കോട്ടയം വിജിലന്‍സ് കോടതി കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.