മാവേലിക്കര : മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ക്രമക്കേടില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തഴക്കര ബ്രാഞ്ച് മുന്‍ പ്രസിഡന്‍റിനെയും സെക്രട്ടറിയുമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. കോട്ടപ്പുറം വി. പ്രഭാകരന്‍ പിളളയും അന്നമ്മ മാത്യൂവുമാണ് അറസ്റ്റിലായത്. സാമ്പത്തിക ക്രമക്കേട് കേസിലാണ് ഇരുവരെയും ക്രൈംബ്രാഞ്ച് തിരുവല്ല യൂണിറ്റ് അറസ്റ്റ് ചെയ്തത്.
മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്‍റെ തഴക്കര ബ്രാഞ്ചില്‍ തട്ടിപ്പ് നടന്നതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. സംഭവത്തില്‍ തഴക്കര ശാഖയുടെ മാനേജറായിരുന്ന ജ്യോതി മധു, സീനിയര്‍ ക്ലര്‍ക്ക് ബിന്ദു ജി നായര്‍, ജൂനിയര്‍ ക്ലര്‍ക്ക് കുട്ടിസീമ ശിവ എന്നിവരെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഓഡിറ്റിംഗിലാണ് കോടികളുടെ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയത്. അന്ന് തന്നെ മൂന്ന് പേരയും സസ്പെന്‍റ് ചെയ്ത ബാങ്ക് ഭരണ സമിതി, വിശദമായ അന്വേഷണത്തിനായി അച്ചടക്ക സമിതിയേയും നിയോഗിച്ചിരുന്നു. ജ്യോതി മധുവിന്‍റെ നേതൃത്വത്തില്‍ ബിന്ദു ജി നായരും കുട്ടിസീമശിവയും ചേര്‍ന്ന് 62 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍.
വായ്പ്പ, സ്വര്‍ണ്ണപ്പണയ നിക്ഷേപം സ്വീകരിക്കല്‍ എന്നിവയിലാണ് ക്രമക്കേട് നടന്നിരുന്നത്. വ്യാജ രേഖകളുപയോഗിച്ച് ഇവര്‍തന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി. ഈ അക്കൗണ്ട് വഴി ലക്ഷങ്ങള്‍ വായ്പ തരപ്പെടുത്തി. സ്വയംസഹായ സംഘങ്ങള്‍ക്ക് രേഖകളില്ലാതെ വായ്പ അനുവദിച്ചു. പണയ ഉരുപ്പടി ഇല്ലാതെയും മുക്കുപണ്ടം വെച്ചും സ്വര്‍ണ്ണ വായ്പ എടുത്തു. ഇങ്ങനെയായിരുന്നു മൂന്ന് പേരും ചേര്‍ന്ന് തട്ടിപ്പ് നടത്തിയിരുന്നത്. ജോയിന്‍റ് രജിസ്ട്രാറുടെ ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാവേലിക്കര പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
