ദില്ലി : ഭാര്യമാരെ കബളിപ്പിച്ച് വിദേശത്ത് ജീവിക്കുന്നവരുടെ നാട്ടിലെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി. ഇതിനായി ക്രിമിനല്‍ നിയമത്തില്‍ മാറ്റം വരുത്താനാണ് കേന്ദ്ര നീക്കം. വിവാഹശേഷം വിദേശത്തേയ്ക്ക് കടന്നുകളയുന്ന ഭര്‍ത്താവിനെ തിരിച്ച് കൊണ്ടുവരാന്‍ നിലവില്‍ നിയമമൊന്നുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭാര്യയ്ക്ക് പോലീസിനെ സമീപിക്കാവുന്നതാണ്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എംബസിയ്ക്ക് പോലീസ് കത്തയയ്ക്കുകയാണ് പതിവ്.

എന്നാല്‍, പലപ്പോഴും ഇത് ഫലവത്താകാറില്ല എന്നതാണ് വാസ്തവം. അതുകൊണ്ടാണ് സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പുതിയ നിയമം ഉണ്ടാക്കാന്‍ വനിതാ ശിശുക്ഷേമമന്ത്രാലയം മുന്നിട്ടിറങ്ങുന്നത്. പുതിയ നിയമപ്രകാരം ഇത്തരക്കാര്‍ക്ക് എംബസി നോട്ടീസ് അയയ്ക്കും. മൂന്ന് തവണയാണ് നോട്ടീസ് അയയ്ക്കുക. ഇതിനുള്ളില്‍ ഹാജരാകണം. അല്ലെങ്കില്‍ ഒളിച്ചോടിയതായി കണക്കാത്തി സ്വത്ത് കണ്ടുകെട്ടുകയും ഭാര്യയ്ക്കും കുടുംബത്തിനും നല്‍കുകയും ചെയ്യും