തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ നിയമോപദേശം കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമ പരിശോധന നടക്കുകയാണെന്നും ചാണ്ടിക്ക് സ്വാഭാവിക നീതി നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും കോടിയേരി വ്യക്തമാക്കി. 

തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് ചോദിച്ച ഹൈക്കോടതി സാധാരണക്കാരന്‍ ഭൂമി കയ്യേറിയാലും ഇതേ നടപടിയാണോ സ്വീകരിക്കുകയെന്നും ചോദിച്ചിരുന്നു. 

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലുപ്പുഴ കളക്ടര്‍ നിയമലംഘനം സ്ഥീരീരകരിച്ച് റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിരുന്നു. നടപടിക്ക് ഈ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കില്ലെന്നാണ് കോടിയേരി വ്യക്തമാക്കിയിരിക്കുന്നത്.