നിയമം പാലിക്കണമെന്ന് വനം മന്ത്രി കെ രാജു ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയിരുന്നു

കൊല്ലം:വനംമന്ത്രിയുടെ ജില്ലയിൽ സിപിഐ സമ്മേളനത്തിന് ആനയെ എഴുന്നള്ളിച്ചതില്‍ നടപടിയുമായി വനംവകുപ്പ്. കൊല്ലം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സർവേറ്ററോട് വനംവകുപ്പ് ആസ്ഥാനത്തുനിന്നും വിശദീകരണം തേടി. കൊല്ലത്തെ കുന്നിക്കോട് സിപിഐ മണ്ഡലം സമ്മേളനത്തിലാണ് അനുമതിയില്ലാതെ ആനയെ എഴുന്നള്ളിച്ചത്.

മൃഗസ്നേഹികളുടെ പരാതിയിൽ കൊല്ലം അസി.കണ്‍സർവേറ്റര്‍ ആദ്യം അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് അനുമതിയില്ലാതെയാണ് എഴുന്നള്ളിപ്പെന്ന് മുഖ്യവനപാലകന് റിപ്പോർട്ട് നൽകി. നാട്ടാനപരിപാലന ചട്ടങ്ങളുടെ ലംഘനമുണ്ടെന്നും കണ്ടെത്തി. എന്നാല്‍ തുടർനടപടി ഉണ്ടായില്ല. ഇതേ തുടർന്നാണ് അസി.പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് അമിത് മല്ലിക്ക് കൊല്ലം അസിസ്റ്റന്‍റ് കൺസർവേറ്ററോട് വിശദീകരണം തേടിയത് .

ഉത്സവത്തിൻറെയും എഴുന്നള്ളത്തിൻറെയും പേരിൽ ആനകളെ കഷ്ടപ്പെടുത്തരുതെന്ന് നിയമം പാലിക്കണമെന്ന് വനം മന്ത്രി കെ രാജു ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയിരുന്നു. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ചട്ടലംഘനത്തിന് വനംവകുപ്പ് കേസെടുത്തു. പക്ഷെ മന്ത്രിയുടെ പാർട്ടിയുടെ സമ്മേളനത്തിലെ ചട്ടലംഘനത്തിൽ നടപടി ഉണ്ടായില്ല, വിശദീകരണത്തിനപ്പുറം നടപടി ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. നാട്ടനപരിപാലന ചട്ടം ലംഘിച്ചാൽ തടവോ പിഴയോ ആണ് സംഘാടകർക്ക് ലഭിക്കുന്ന ശിക്ഷ.