മധ്യാഹ്ന ജോലിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ലംഘിച്ചതിന് കുവൈത്തില്‍ കഴിഞ്ഞ മാസം 56 കേസുകള്‍ രജിസ്ട്രര്‍ ചെയ്തു. പരിശോധനയില്‍ ഏല്ലാ നിയമങ്ങളും പാലിച്ച 35 നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് മധ്യാഹ്ന പുറം ജോലിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 11 മുതല് വൈകുനേരം നാല് വരെ സൂര്യാതപം ഏല്‌ക്കുന്ന തരത്തില് തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നതിനോ ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക്.മാന്‍പവര്‍ പബ്ലിക്ക് അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചതിനാണ് ഒരു മാസത്തിനിടെയില്‍ 56 കേസുകള്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.പരിശോധന സമയത്ത് ഈ സ്ഥലങ്ങളിലുണ്ടായിരുന്ന 132 തൊഴിലാളികള്‍ക്കെതിരെയും നടപടിയുണ്ട്. 

നിയമം ലംഘിക്കുന്ന തൊഴിലുടമകളെയും തൊഴിലാളികളെയും കണ്ടെത്തുന്നതിന് നിരന്തര പരിശോധനയാണ് അധികൃതര്‍ നടത്തി വരുന്നത്. നിര്‍മാണം നടക്കുന്ന 35 സ്ഥലങ്ങള്‍ മധ്യാഹ്ന ജോലിവിലക്ക് പൂര്‍ണ്ണമായി പാലിച്ചതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ തൊഴിലുടമക്കെന്നപോലെ തൊഴിലാളികള്‍ക്കെതിരെയും നിയമനടപടിയുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉച്ചവിശ്രമത്തിനായി നല്‍കുന്ന സമയനഷ്‌ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിന് മുമ്പ് രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനു ശേഷമോ ആവശ്യമെങ്കില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കാന്‍ ഉടമകള്‍ക്ക് അവകാശമുണ്ടാകും.