ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ വ്യോമ മിന്നലാക്രമണത്തില്‍ പൂര്‍ണ പിന്തുണയറിയിച്ച് കോണ്‍ഗ്രസ്. ഞങ്ങള്‍ എ്പ്പോഴും രാജ്യത്തെ സംരക്ഷിക്കാന്‍ സേനകള്‍ നടത്തുന്ന നടപടികള്‍ക്കൊപ്പമാണ്. ഒറ്റക്കെട്ടായി അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. അവര്‍ ഇപ്പോള്‍ പാക്കിസ്ഥാനിലെ ഭീകരവാദികള്‍ക്കെതിരെ നടപടികളെടുക്കുന്നു. അവരെ ഞങ്ങള്‍ അഭിനന്ദിക്കുകയായണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വ്യോമസേനാ പൈലറ്റുമാര്‍ക്ക് രാഹുല്‍ ഗാന്ധി അഭിവാദ്യമര്‍പ്പിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും സൈനിക നടപടിക്കും ഒപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുലിന് പിന്നാലെ മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് രംഗത്തെത്തി. 

അഖിലേഷ് യാദവും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും വ്യോമസേനയ്ക്ക് അഭിവാദ്യം അർപ്പിച്ചു. മുൻ പ്രതിരോധ മന്ത്രി എകെ ആന്‍റണിയും സൈനികരെ അഭിവാദ്യം ചെയ്തു. ഞാൻ സൈനികരെ സല്യൂട്ട് ചെയ്യുന്നു എന്നായിരുന്നു എകെ ആന്‍റണിയുടെ പ്രതികരണം. മമതാ ബാനർജിയും സൈനികർക്ക് അഭിവാദ്യമറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാക് അധീന കശ്മീരില്‍ ഇന്ത്യ വ്യോമ മിന്നലാക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്ന് പ്രധാന ഭീകര കേന്ദ്രങ്ങള്‍ തകരുകയും മൂന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.