തോട്ടം ഉടമകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു ആക്ഷേപവുമായി പരിസ്ഥിതി പ്രവർത്തകർ ഗൂഡാലോചനയുണ്ടെന്നും ആരോപണം
തിരുവനന്തപുരം:തോട്ടം ഉടമകളുമായി ഒത്തുകളിച്ച് സർക്കാർ വന നിയമങ്ങളിൽ തുടർച്ചയായി ഇളവ് വരുത്തുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ. പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഏലത്തോട്ടങ്ങളെ ഒഴിവാക്കാനുള്ള ശുപാർശ സർക്കാർ രണ്ട് ദിവസം മുന്പ് കേന്ദ്രത്തിന് നൽകിയിരുന്നു. ഇതിന് പിന്നാലെ തോട്ടങ്ങളെ മുഴുവൻ ഇഎഫ്എൽ പരിധിയിൽ നിന്ന് ഒഴിവാക്കിയതിൽ ഗൂഡാലോചനയുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.
കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഇഎസ്എ പരിധിയിൽ നിന്ന് ഏലത്തോട്ടങ്ങളെ ഒഴിവാക്കാൻ ശുപാർശ ചെയ്തത് കഴിഞ്ഞ മന്ത്രിസഭ യോഗത്തിലാണ്. കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ 2,17,000 ഏക്കർ വിസ്തീർണമുള്ള ഏലത്തോട്ടങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാകും. പക്ഷേ തോട്ടങ്ങൾ ഇഎഫ്എൽ പരിധിയിൽ തുടരും. തോട്ടമുടമകൾക്കുള്ള ഈ ബുദ്ധിമുട്ട് കൂടി പരിഹരിക്കാനാണ് സർക്കാർ തിരക്കിട്ട് ഇഎഫ്എൽ നിയമത്തിൽ വെള്ളം ചേർത്തതെന്നാണ് ആക്ഷേപം.
വനത്തോട് ചേർന്ന് കിടക്കുന്നതോ മുന്പ് വനമായിരുന്നതോ ആയ പ്രദേശങ്ങളാണ് ഇഫ്എൽ പരിധിയിൽ വരുന്നത്. ഏഴ് ഹെക്ടർ തോട്ടങ്ങളാണ് ഇഎഫ്എൽ പരിധിയിൽ നിന്ന് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. ഏകപക്ഷീയമായി എടുത്ത ഈ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യാനാണ് പരിസ്ഥിതി പ്രവർത്തകരുടെ തീരുമാനം.
