തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ താരദമ്പതികളുടെ ഭൂമി ഇടപാട് രേഖകൾ പൊലീസ് പരിശോധിക്കും. അനധികൃത പണമിടപാട് നടത്തിയതിന് ഇരുവർക്കുമെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. നടൻ ജോണും ഭാര്യയും നടിയുമായ ധന്യ മേരി വർഗീസുമടക്കം മൂന്നുപേരെയാണ് പൊലീസ് ഇന്നലെ അറസ്റ്റുചെയ്തത്.

ഫ്ലാറ്റ് നിർമ്മിച്ചു നൽകാമെന്നു പറഞ്ഞ് പലരിൽ നിന്നായി 100 കോടിയോളം തട്ടിയെടുത്ത കേസിൽ നടൻ ജോൺ, ഭാര്യ ധന്യ മേരി വർഗീസ് എന്നിവരക്കം മൂന്നുപേരെ ഇന്നലെയാണ് പൊലീസ് അറസ്റ്റുചെയ്തത്. 2011 മുതൽ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ട് വർഷത്തിനകം പൂർത്തിയാക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. 

ഭൂമി ഇടപാടിൻറെ രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട്, അന്വേഷണ ഉദ്യോഗസ്ഥർ രജിസ്ട്രേഷൻ വകുപ്പിന് കത്തു നൽകി. അറസ്റ്റ് പുറത്തറിഞ്ഞതോടെ, വിദേശ മലയാളികളടക്കം കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഫ്ലാറ്റ് തട്ടിപ്പിന് പുറമേ, സംഘം പലരിൽ നിന്നായി അനധികൃതമായി നിക്ഷേപം സ്വീകരിച്ചിരുന്നു. ഉയർന്ന പലിശ വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. അനധികൃത പണമിടപാട് നടത്തിയതിന് ഒരു കേസ് കൂടി ഇവർക്കെതിരെ രജിസ്റ്റർ ചെയ്തു. പണമിടപാടിനെ കുറിച്ച്
ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.