മുംബൈ: വിഖ്യാത ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണവും അണുബാധയും മൂര്‍ച്ഛിച്ചതിനാല്‍ വൈകുന്നേരത്തോടെയാണ് ദിലീപ് കുമാറിനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 94കാരനായ നടന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തൂടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ഇതേ ആശുപത്രിയില്‍ ദിലീപ് കുമാറിനെ പ്രവേശിപ്പിച്ചിരുന്നു. രണ്ടു ദിവസമായി പനിയുണ്ടായിരുന്നതായാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം‍.

ദാദസാഹിബ് ഫാല്‍കേ പുരസ്കാരവും പത്മവിഭൂഷനും ലഭിച്ചിട്ടുള്ള ദിലീപ് കുമാര്‍ ദേവദാസ്, കര്‍മ്മ, മുഗല്‍ ഇ അസം എന്നീ ചിത്രങ്ങളിലൂടെയാണ് പ്രസിദ്ധനായത്. 1998ല്‍ പുറത്തിറങ്ങിയ ഖിലയാണ് അവസാനം അഭിനയിച്ച ചിത്രം.