ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സൈറാബാനു പ്രധാനമന്ത്രി മോദിയെ സന്ദർശിക്കാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ചു.
മുംബൈ: ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ വീടും സ്വത്തും തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ പേരിൽ ജയിലിലായ കെട്ടിട നിർമ്മാതാവ് സമീർ ഭോജ്വാനി ജയിൽ മോചിതനാകുന്നു. ഇതിനെ തുടർന്ന് ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സൈറാബാനു പ്രധാനമന്ത്രി മോദിയെ സന്ദർശിക്കാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സൈറാ ബാനുവിന്റെ അഭ്യർത്ഥന. ബാന്ദ്രിയിലെ പാലി ഹിൽ പ്രദേശത്താണ് ദിലീപ് കുമാറിന്റെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
ഭൂമാഫിയ നേതാവ് സമീർ ഭോജ്വാനി ജയിൽ മോചിതനായിരിക്കുന്നു. സമ്പത്തും കൈക്കരുത്തും ഉപയോഗിച്ച് ഞങ്ങളെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. അങ്ങയെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു. സൈറാ ബാനു തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നു. ഈ വർഷം ഭോജ്വാനിക്കെതിരെ സൈറാ ബാനു പൊലീസിൽ പരാതി നൽകിയിരുന്നു. സ്വത്തിന്റെയും ബംഗ്ലാവിന്റെയും വ്യാജരേഖകൾ സൃഷ്ടിച്ചാണ് ഭോജ്വാനി ബംഗ്ലാവ് പിടിച്ചെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭോജ്വാനിയുടെ വീട് റെയ്ഡ് നടത്തിയതിനെ തുടർന്ന് ആയുധങ്ങൾ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സമീർ ഭോജ്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
