കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ റിമാൻഡ് നീട്ടി. ഈ മാസം 22 വരെയാണ് റിമാൻഡ് നീട്ടിയത്. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

റിമാൻഡ് കാലാവധി അവസാനിച്ചതിനേത്തുടർന്ന് ദിലീപിനെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ വീഡിയോ കോൺഫറൻസിംഗ് അനുവദിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ഇത് മൂന്നാം തവണയാണ് ദിലീപിന്‍റെ റിമാൻഡ് നീട്ടുന്നത്. അതിനിടെ, ദിലീപിന്‍റെ ആരോഗ്യനില മോശമാണെന്ന തരത്തിൽ പുറത്തുവരുന്ന വിവരങ്ങൾ തെറ്റാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഡോക്ടർമാർ ദിലീപിനെ ജയിലിലെത്തി പരിശോധിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് അവർ റിപ്പോർട്ട് നൽകിയതായാണ് വിവരം.

അതിനിടെ ദിലീപിന്‍റെ അഭിഭാഷകൻ ബുധനാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. അഡ്വ. രാമൻപിള്ളയാണ് ദിലീപിന് വേണ്ടി ഹാജരാവുക. മുതിർന്ന അഭിഭാഷകനായ കെ. രാംകുമാർ നേരത്തെ ദിലീപിന്‍റെ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് കേസിൽ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.