തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 'ചെത്തുകാരന്റെ മകന്‍' പരാമര്‍ശം വന്‍ ഹിറ്റായതിന് പിന്നാലെ തെങ്ങുകയറ്റത്തിന്റെ മഹത്വം പറഞ്ഞ് നടന്‍ ഹരീഷ് പേരാടി. ചിലര്‍ തന്റെ ജാതി ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നുവെന്നും താന്‍ ചെത്തുകാരന്റെ മകന്‍ തന്നെയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. 

ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ തെങ്ങുകയറ്റം അത്ര മോശം സംഗതിയല്ലെന്ന വാദവുമായി ഹരീഷ് പേരാടി രംഗത്തെത്തിയിരിക്കുന്നത്. തെങ്ങുകയറ്റത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും ഹരീഷ് കുറിപ്പിലൂടെ പറയുന്നു. 

'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമയില്‍ ശക്തനായ രാഷ്ട്രീയ നേതാവിന്റെ വേഷം അവതരിപ്പിച്ച നടനാണ് ഹരീഷ് പേരാടി. നാടകരംഗത്തും ഹരീഷ് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. 

ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

'വര്‍ഷങ്ങര്‍ക്കു മുമ്പ് കോഴിക്കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകനായ ബഷീറിന്റെയും എം.ടിയുടെയും സകലമാന വ്യത്യസ്ത ചിന്താഗതിയുള്ളവരുടെയും സൗഹൃദമായിരുന്ന രാമദാസന്‍ വൈദ്യര്‍ ഒരു തെങ്ങ് കയറ്റ കോളേജ് ആരംഭിച്ചിരുന്നു... എന്റെ സുഹൃത്തായ പ്രദീപായിരുന്നു അതിന്റെ പ്രിന്‍സിപ്പല്‍ ... അത് പീന്നീട് നിന്നു പോയി എന്നാണ് ന്റെ അറിവ്... അത് വീണ്ടും സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കേണ്ടിയിരിക്കുന്നു ..തെങ്ങുകയറ്റം ഇത്ര മോശപ്പെട്ട സംഗതിയാണന്ന് കരുതുന്ന സവര്‍ണ്ണരുടെ മക്കള്‍ക്കൊക്കെ ഭാവിയില്‍ അത് വലിയ ഉപജീവന മാര്‍ഗമായി മാറും... എന്തായാലും സംബന്ധമൊന്നുമല്ലല്ലോ ... ഒരു കൈയ്യ് തൊഴിലല്ലെ ?...'