Asianet News MalayalamAsianet News Malayalam

അണ്ണാറക്കണ്ണനും തന്നാലായത്; ദുരിതാശ്വാസ നിധിയിലേക്ക് ജോയ് മാത്യുവിന്റെ ഒരു ലക്ഷം

സ്വന്തമായി ഒരു വീടു പോലുമില്ലെന്നും എന്നാൽ ദുരിതത്തിൽ മുങ്ങിത്താഴുന്ന ജനതയ്ക്ക് കൈമെയ് മറന്നു സഹായം ചെയ്യേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നു എന്നും താരം ഫേസ്ബുക്കിൽ കുറിക്കുന്നു. 

actor joy mathew donate one lakh rupee for relief fund
Author
Trivandrum, First Published Aug 14, 2018, 11:00 AM IST


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടനും സംവിധായകനുമായ ജോയ് മാത്യു ഒരു ലക്ഷം രൂപ സംഭാവന നൽകി. താനും ഭാര്യയും മകനും രണ്ട് പെൺമക്കളും ചേർന്നാണ് ഈ തുക സമാഹരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വന്തമായി ഒരു വീടു പോലുമില്ലെന്നും എന്നാൽ ദുരിതത്തിൽ മുങ്ങിത്താഴുന്ന ജനതയ്ക്ക് കൈമെയ് മറന്നു സഹായം ചെയ്യേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നു എന്നും താരം ഫേസ്ബുക്കിൽ കുറിക്കുന്നു. 

ഓരോരുത്തരും തന്നാൽ കഴിയുന്ന സഹായം ഇവർക്ക് ചെയ്യണമെന്ന സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടിയാണ് ഈ പോസ്റ്റെന്നും പ്രശസ്തിക്ക് വേണ്ടിയല്ലെന്നും താരം പോസ്റ്റിൽ  കൂട്ടിച്ചേർക്കുന്നുണ്ട്. കുടുംബം പരസ്പരം സഹകരിച്ച് സമാഹരിച്ച തുക എന്ന് പറഞ്ഞ് ഓരോരുത്തരും നൽകിയ തുകയുടെ സംഖ്യയും ചേർത്താണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ  പൂര്‍ണ്ണരൂപം 

അണ്ണാറക്കണ്ണനും തന്നാലായത് 
---------------------------------------------
എന്നത് സ്‌കൂളിൽ പഠിച്ച ഒരു പാഠമാണ് .അത് പ്രായോഗികമാക്കേണ്ട സമയം ഇതാണെന്നു തോന്നി.ദുരിതക്കയത്തിൽ മുങ്ങിത്താഴുന്ന ഒരു ജനതക്ക് കൈമെയ് മറന്നു സഹായിക്കേണ്ട കടമ അവരുടെയൊക്കെ ചിലവിൽ ജീവിച്ചുപോരുന്ന എനിക്കുണ്ടെന്ന് തോന്നി .
തന്നാൽ കഴിയുന്നത് ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ പോസ്റ്റ് ഇടുന്നത് .അല്ലാതെ ഞാൻ ഇത്ര രൂപ സംഭാവന കൊടുത്തു എന്ന പേരിനോ പ്രശസ്തിക്കോ വേണ്ടി അല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ .
ഒരു കേരളീയൻ എന്ന ഉത്തരവാദിത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്നാൽ കഴിയുന്ന സംഭാവന ചെയ്യേണ്ടത് എന്റെ കടമയാണെന്ന് ഞാനും കുടുംബവും വിശ്വസിക്കുന്നു .കോടികളുടെ ആസ്തിയോ എന്തിനു, ഇപ്പോഴും 
സ്വന്തമായി ഒരു വീടുപോലും ഇല്ലാത്തവനാണ് ഞാൻ.എങ്കിലും കയറിക്കിടക്കാൻ ഇടമുണ്ട് .
ഇന്ന് അതുപോലും ഇല്ലാത്ത ആയിരക്കണക്കിന് മനുഷ്യർ ,അതിൽ ഭൂരിഭാഗവും നമ്മളെ ഊട്ടുന്ന കൃഷിക്കാർ ,അവർക്ക് വേണ്ടി ഇതെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മറ്റെന്താണ് ചെയ്യാൻ കഴിയുക ?
അതിനാൽ എന്റെ കുടുംബം പരസ്പരം സഹകരിച്ച് സമാഹരിച്ച ഒരു ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്തോഷപൂർവ്വം സംഭാവന ചെയ്യുന്നു .

സംഭാവന തന്നവർ 
ഞാൻ 50000 
ഭാര്യ സരിത 30000 
മകൻ മാത്യു ജോയ് 10000 
മകൾ ആൻ എസ്തർ 8000 
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ താന്യ മരിയ 2000  (എന്നോട് തന്നെ കടം വാങ്ങിയത് )
അങ്ങിനെ എല്ലാം കൂടി ഒരു ലക്ഷം രൂപ .
അണ്ണാറക്കണ്ണനും തന്നാലാകുന്നത് ഇങ്ങിനെയൊക്കെയല്ലേ ?

Follow Us:
Download App:
  • android
  • ios