കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും ആലുവ പോലീസ് ക്ലബ്ബില്‍ പാതിരാത്രിയിലും ചോദ്യം ചെയ്യല്‍ തുടരുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതിനിടെ, അമ്മ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം നടന്‍ സിദ്ദീഖ് ആലുവ പോലീസ് ക്ലബ്ബിലെത്തി ദിലീപിനെ കാണാന്‍ ശ്രമിച്ചെങ്കിലും പോലീസ് അനുമതി നല്‍കിയില്ല.
നാദിര്‍ഷായുടെ സഹോദരന്‍ സമദും പോലീസ് ക്ലബ്ബിലെത്തിയിരുന്നു. ദിലീപിനെയും നാദിര്‍ഷായെയും കാണാന്‍ അനുമതി കിട്ടാതിരുന്നതോടെ ഇരുവരും മടങ്ങിപ്പോവുകയായിരുന്നു.
ഉച്ചയ്ക്ക് ചോദ്യം ചെയ്യാനായി എത്തിയ ദിലീപ് ഇതുവരെ തിരിച്ചെത്താത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാന്‍ വന്നതെന്നായിരുന്നു സിദ്ദീഖ് പറഞ്ഞത്. അമ്മയുടെയോ മറ്റാരുടെങ്കിലുമോ നിര്‍ദേശപ്രകാരമല്ല താന്‍ വന്നത്. സുഹൃത്തും സഹപ്രവര്‍ത്തകനും എന്ന നിലയിലാണ് ദിലീപിനെ കാണാന്‍ വന്നത്. ആരോടും പറയാതെയാണ് താന്‍ വന്നതെന്നും സിദ്ദീഖ് പറഞ്ഞു. ദിലീപിനെ കാണാന്‍ കഴിയുമോ എന്ന് പോലീസിനോട് ചോദിച്ചിട്ടുണ്ടെന്നും കാണാന്‍ അനുവദിച്ചാല്‍ വിവരം അറിയിക്കാമെന്നും സിദ്ദീഖ് പറഞ്ഞിരുന്നു.
