ബൊഗോട്ട: യുവാക്കളെ പ്രലോഭിപ്പിച്ച് വലയിലാക്കുകയും തുടര്‍ന്ന് തടങ്കലിലാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട് വന്‍ തുക തട്ടുകയും ചെയ്തിരുന്ന മോഡലും കാമുകനും ഒടുവില്‍ പോലീസ് വലയില്‍. കൊളംബിയയിലെ അറിയപ്പെടുന്ന മോഡലും ടെലിവിഷന്‍ അവതാരകയുമായ പൗളീനാ കരീനാ ഡയസിനെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്കൊപ്പം ലാ ബ്രൂജാ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന യുവാവും കുടുങ്ങി.

2011 ല്‍ ഒരു തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസില്‍ നടന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. അറിയപ്പെടുന്ന മോഡല്‍ കൂടിയായ പൗളീന തന്റെ സൗന്ദര്യം ഉപയോഗിച്ച് യുവാക്കളുടെ ശ്രദ്ധനേടും. പിന്നീട്  പ്രണയത്തിലായി പ്രലോഭിപ്പിച്ച് കെണിയില്‍ പെടുത്തുകയും ചെയ്യും. ആറു വര്‍ഷം മുമ്പ് ഡിസംബറില്‍ ഹ്യൂഗോ ലോപ്പസ് മാണ്‍കായോ എന്ന ബിസിനസുകാരനെയും അഭിഭാഷകനായ മില്‍ട്ടണ്‍ കാരോ വില്ലാമില്‍ എന്നയാളേയും തട്ടിക്കൊണ്ടു പോകാന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന കുറ്റം.

രണ്ടുപേരും ചേര്‍ന്ന് പദ്ധതിയിട്ട ശേഷം പൗളീന ഇവരെ  കൊളംബിയ കാലിയിലെ ബാറിലെ ഒരു മുറിയില്‍ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു വരികയും പൂട്ടിയിട്ടെന്നാണ് കേസ്. വിട്ടയയ്ക്കാന്‍ 3 ബില്യണ്‍ ബന്ധുക്കളോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അവരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പരിപാടികളിലും ഡിസ്‌കോ ക്‌ളബ്ബുകളും ബാറിലും മറ്റും ചെന്നാണ് ഇവര്‍ കൂട്ടുകാരെ ഉണ്ടാക്കുന്നത്. പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു വന്ന ശേഷമാണ് മുറിയില്‍ പൂട്ടിയിടുക. 

കൊളംബിയന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ ചാനല്‍ 2 വിലെ ഗിയ മാഗസിന്‍ ഷോയില്‍ ടിവി പ്രസന്ററായിട്ട് ജോലി ചെയ്യുന്നയാളാണ് 27 കാരിയായ ഡയസ്. അതേസമയം ഇവര്‍ പരിപാടിയുടെ അവതാരക വേഷം ചെയ്യുന്നത് പ്രതിഫലം പോലും പറ്റാതെയാണെന്നു റിപ്പോര്‍ട്ടുണ്ട്. തന്റെ സൗന്ദര്യം നാട്ടുകാരെ കാണിക്കാനും പ്രസിദ്ധി നേടാനും വേണ്ടി പരിപാടിയെ ഉപയോഗിക്കുന്ന ഇവര്‍ പരിപാടിക്ക് ഒന്നും വാങ്ങാറില്ലെന്ന് ടെലിവിഷന്‍ ചാനല്‍ തന്നെ പറയുന്നു. പുതിയ സംഭവ വികാസത്തിന്റെ പശ്ചാത്തലത്തില്‍ ചാനല്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.