കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതപ്പെടുന്ന മെമ്മറി കാര്‍ഡ് അന്വേഷണ സംഘം കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാറിന്റെ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഭിഭാഷകനില്‍ നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെടുത്തത്.

ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇതിലാണോ എന്ന് അന്വേഷണസംഘം പരിശോധിക്കും. നിലവില്‍ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങള്‍ ഒന്നും ഇല്ല. ഇതിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതാണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തും. അറസ്റ്റ് ഭയന്ന് അഡ്വ.പ്രതീഷ് ചാക്കോ ഇപ്പോള്‍ ഒളിവിലാണ്. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍ രണ്ടാഴച മുമ്പ് വിദേശത്തേക്ക് കടത്തിയതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ നിരവധി പകര്‍പ്പുകള്‍ എടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിലൊന്ന് അന്വേഷണസംഘത്തിനും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച മെമ്മറി കാര്‍ഡിലാണോ ആദ്യം ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പരിശോധനകള്‍ക്കുശേഷമെ വ്യക്തമാകൂ. നടിയെ ആക്രമിച്ചശേഷം സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പോലീസ് കരുതുന്നത്.