കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി നിർദേശപ്രകാരം ഹാജരായ നാദിർഷയെ രക്തസമ്മർദ്ദം ഉയർന്നതിനെതുടർന്ന് പൊലീസിന് ചോദ്യം ചെയ്യാനായില്ല. ആശുപത്രിയിൽ പ്രവേശിച്ച നാദിർഷ താൻ ഹാജരാകാൻ തയാറാണെന്ന് വൈകിട്ടോടെ അറിയിച്ചെങ്കിലും മെഡിക്കൽ റിപ്പോർട്ട് കിട്ടിയിട്ട് മതി തുടർനടപടിയെന്ന് അന്വേഷണസംഘം തീരുമാനിച്ചു. ഇക്കാര്യങ്ങളെല്ലാം അടുത്ത ദിവസം ഹൈക്കോടതിയേയും അറിയിക്കും

 രാവിലെ ഒൻപതരയോടെയാണ് നാദിർഷ ആലുവ പൊലീസ് ക്ലബിൽ എത്തിയത്. പത്തുമണിക്കുതന്നെ നാദിർഷയെ ചോദ്യം ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുടെ അടുത്തേക്ക് വിളിപ്പിച്ചു. എന്നാൽ മുറിയിൽ എത്തിയപാടേ നാദിർഷ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ചോദ്യം ചെയ്യാനാവാതെ വന്നതോടെ അന്വേഷണഉദ്യോഗസ്ഥർതന്നെ ‍‍ഡോക്ടർമാരെ വിളിപ്പിച്ചു. രക്തം സമ്മർദം കൂടിയതായും രക്തത്തിലെ പ‌ഞ്ചസാരയുടെ അളവ് കുറഞ്ഞതായും പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ഇതോടെ പൊലീസ് ചോദ്യം ചെയ്യൽ ഉപേക്ഷിച്ചു. നാദിർഷയോടെ തിരിച്ച് പൊയ്ക്കൊളളാനും പറഞ്ഞു

പന്ത്രണ്ടരയോടെ നാദിർഷ കൊച്ചിയിലെ സ്വകാര്യആ ശുപത്രിയിലെത്തി. ചികിൽസ തേടുകയാണെന്ന് അറിയിച്ചു. ഇസിജി പരിശോധന നടത്തി. തുടർന്ന് എമ‍ജൻസി ഐ സിയുവിൽ പ്രവേശിപ്പിച്ചു. മൂന്നുമണിയോടെ നാദിർഷയെ മുറിയിലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നാദിർഷ അന്വേഷണ ഉദ്യോഗസ്ഥരെ തൊട്ടുപിന്നാലെ അറിയിച്ചു. 

എന്നാൽ ഇന്നും വേണ്ടെന്നും നാദിർഷയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് കിട്ടിയിട്ട് മതിയെന്നും തീരുമാനിച്ചു. ഇക്കാര്യങ്ങളെല്ലാം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും.