കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം നിർമ്മാതാവ് ആന്റോ ജോസഫിന്റെ മൊഴിയെടുക്കുന്നു. ആലുവ പൊലീസ് ക്ലബിലാണ് മൊഴിയെടുക്കുന്നത്. അക്രമിക്കപ്പെട്ട നടി നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ എത്തിയ വിവരം അറിയിച്ചപ്പോള്‍ അവിടെ ആദ്യം എത്തിയവരില്‍ ഒരാളാണ് ആന്റോ ജോസഫ്. പി.ടി.തോമസ് എംഎല്‍എയ്ക്കൊപ്പമായിരുന്നു ആന്റോ ജോസഫ് ലാലിന്റെ വീട്ടിലെത്തിയത്. തുടര്‍ന്നാണ് സംഭവം പോലീസില്‍ അറിയിക്കുന്നത്.

കേസിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. മിമിക്രി താരം കെ.എസ്.പ്രസാദിനെ ഇന്ന് ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ദിലീപിന്റെയും നാദിർ ഷായുടെയും സുഹൃത്തുക്കളായ ഹുസൈൻകോയ, അസീസ് എന്നിവരെയും ചോദ്യം ചെയ്തു . ദിലീപിന്റെ അടുത്ത സുഹൃത്തായ ഹുസൈൻ കോയ രാമലീല എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.