കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍ കുമാര്‍ സഹതടവുകാരനായ നിയമവിദ്യാര്‍ഥിയെ കൊണ്ട് ദിലീപിന് കത്തെഴുതിച്ചത് ജാമ്യ വാഗ്ദാനം നല്‍കി. കത്തെഴുതി നല്‍കിയാല്‍ പുറത്തുള്ളവര്‍ ജാമ്യം എടുത്തു നല്‍കും എന്നായിരുന്നു വാഗ്ദാനം. ജയിലിലെ പാചകപ്പുരയിലെ ചാക്ക് കെട്ടുകള്‍ക്കിടയിലാണ് സുനില്‍ കുമാര്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നതെന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
സഹതടവുകാരനായ സനലാണ് മൊബൈല്‍ പുറത്തെത്തിച്ച് ചാര്‍ജ് ചെയ്ത് നല്‍കിയത്. ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ പെടാതിരിക്കാന്‍ സെല്ലിലെ ടോയ് ലറ്റിന്റെ തറയില്‍ കിടന്നാണ് സുനില്‍കുമാര്‍ ഫോണ്‍ വിളിച്ചത്. ഫോണ്‍ കടത്തിയത് സംബന്ധിച്ച ജയിലധികൃതരുടെ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി സുനിൽ കുമാർ ദിലീപിനയച്ചതെന്ന് പറയുന്ന കത്ത് എഴുതിയ കടലാസ് കാക്കനാട് ജയിലിലേതുതന്നെയെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. കടലാസും സീലും ജയിലധികൃതർ തിരിച്ചറിഞ്ഞു. കേസ് ആവശ്യത്തിനെന്നു പറഞ്ഞ് സുനിൽകുമാർ കടലാസ് വാങ്ങിയിരുന്നു. എന്നാൽ ഇങ്ങനൊയൊരു കത്ത് ജയിലധികൃതർ കണ്ടിരുന്നില്ല.
