നടിയെ ആക്രമിച്ച കേസ് വിചാരണാ നടപടികൾ നാളെ തുടങ്ങും ദിലീപ് ഹാജരായേക്കില്ല തിരുമാനിച്ചിട്ടില്ലെന്ന് അഭിഭാഷകർ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണാ നടപടികൾ നാളെ കൊച്ചിയിലെ കോടതിയിൽ തുടങ്ങും. മുഴുവൻ പ്രതികളോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദിലീപ് എത്തില്ലെന്നാണ് സൂചന. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപടക്കം മുഴുവൻ പ്രതികളോടും ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരിക്കുന്നത്. പ്രാരംഭവാദത്തിനും കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനുമായി തീയതി നിശ്ചയിക്കുക എന്നതാണ് നാളത്തെ നടപടി ക്രമം. 

ഒന്നാം പ്രതി സുനിൽകുമാർ അടക്കമുളള ആറുപ്രതികൾ ഇപ്പോഴും റിമാൻ‍ഡിലാണ്.ഇവരെ പൊലീസ് തന്നെ കോടതിയിൽ ഹാജരാക്കും . എട്ടാം പ്രതിയായ ദിലീപടക്കമുളള ബാക്കി ഏഴു പ്രതികളാണ് നിലവിൽ ജാമ്യത്തിലുളളത്. പ്രതികൾ നേരിട്ട് ഹാജരാകുന്നതിനോ അഭിഭാഷകൻ മുഖേന അവധിക്കപേക്ഷ നൽകുന്നതിനോ നിയമപരമായി കഴിയും. കോടതിയിൽ നേരിട്ട് ഹാജരാകണോ എന്ന കാര്യത്തിൽ തീരുമാനിച്ചിട്ടില്ലെന്നാണ് ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്. 

എന്നാൽ അഭിഭാഷകൻ മുഖേന അവധിക്കപേക്ഷ നൽകുമെന്നും സൂചനയുണ്ട്. ഇപ്പോഴത്തെ നിലയിൽ മുഖ്യപ്രതി സുനിൽകുമാർ അടക്കമുളളവരുമായി മുഖാമുഖം കൂടിക്കാഴ്ച വേണ്ടെന്നാണ് ദിലീപിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. പ്രത്യേകിച്ചും സുനിൽകുമാർ ദിലീപിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പരാമർശങ്ങൾ നടത്തുന്ന സാഹചര്യത്തിൽ . തെളിവുകളുടെ പകർപ്പുകൾ കിട്ടിയിട്ടില്ലെന്നാരോപിച്ച് ദിലീപിന്‍റെ ഹ‍ർജി ഹൈക്കോടതിയുടെ പരിഗണനിയിലുണ്ട്. തെളിവുകൾ കിട്ടുവരെ വിചാരണ മാറ്റിവയ്ക്കണമെന്ന ദീലിപിന്‍റെ ആവശ്യം കോടതി നിരസിച്ചിരുന്നു. ഇതിന്‍റെ പേരിൽ വിചാരണ വൈകിക്കാൻ ആകില്ലെന്നാിരുന്നു ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞത്.