വിചാരണയ്ക്ക് പ്രത്യേക കോടതിയും അനുവദിച്ചു. നടി ചോദിച്ചത് നിയമപ്രകാരമായ ആവശ്യങ്ങൾ മാത്രം. അതിന് നിയമം അനുമതി നൽകുന്നുണ്ട് - ഹൈക്കോടതി നിരീക്ഷിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇനി വനിതാ ജഡ്ജി പരിഗണിക്കും. ആവശ്യമുന്നയിച്ചുകൊണ്ടുള്ള നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെ ദിലീപ് ഹൈക്കോടതിയിൽ ഉന്നയിച്ച വാദങ്ങൾ ഹൈക്കോടതി തള്ളി.
നടി സമീപിച്ചത് നിയമപരമായ അവകാരങ്ങൾ ആവശ്യപ്പെട്ട് മാത്രമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിന് നിയമം അനുവദിക്കുന്നുണ്ട്. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായം മാത്രമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വനിതാ ജഡ്‍ജിയായ ഹണി വർഗീസാകും ഇനി കേസ് കേൾക്കുക. എറണാകുളം സിബിഐ കോടതി (3) - ലാകും വാദങ്ങൾ നടത്തുക. വിചാരണാ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യത്തിനെതിരെ ദിലീപ് ഉന്നയിച്ച വാദഗതികൾ ഹൈക്കോടതി തള്ളി. നടിക്ക് മാത്രമായി എന്തിന് പ്രത്യേക പരിഗണന നൽകണമെന്നാണ് ദിലീപ് ചോദിച്ചത്.
വിചാരണാ നടപടികള്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി നൽകിയത്. നടി സമർപ്പിച്ച ഹർജിയിൽ കക്ഷി ചേരുന്നതിനായിരുന്നു ദിലീപിന്റെ അപേക്ഷ. സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകൾ സംസ്ഥാനത്ത് വേറെയുമുണ്ടെന്നും നടിക്ക് മാത്രമായി പ്രത്യേക പരിഗണന നൽകരുതെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ വിചാരണ വൈകിക്കാനാണ് ദിലീപിന്‍റെ നീക്കമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികൾ തൃശൂരിലേക്ക് മാറ്റണമെന്നുമുള്ള നടിയുടെ ആവശ്യത്തില്‍ സർക്കാരിന്‍റെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു. പാലക്കാട്, തൃശൂർ ജില്ലകളിൽ നിശ്ചിത യോഗ്യതയുളള വനിതാ ജഡ്ജിമാരില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.
