കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം പൊലീസിന് നാളെ ലഭിക്കും . എന്നാൽ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പരിശോധനക്ക് അയച്ച മെമ്മറി കാർഡിൽ നിന്ന് കണ്ടെത്തിയെന്നാണ് വിവരം. യഥാർഥ മൊബൈൽ ഫോൺ കിട്ടിയില്ലെങ്കിലും ദൃശ്യങ്ങളുടെ പകർപ്പ് കേസിൽ പ്രധാന തെളിവായി മാറും.

വിവിധയിടങ്ങളിൽ നിന്നായി കിട്ടിയ മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും പെൻഡ്രൈവുകളുമാണ് തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനക്ക് അയച്ചത്.ഇതിൽ മുഖ്യ പ്രതി സുനിൽ കുമാർ ഒളിവിൽ പോകും മുമ്പ് ആലുവയിലെ അഭിഭാഷകനെ ഏൽപിച്ച മെമ്മറി കാർഡിൽ നിന്നാണ് നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ കിട്ടിയെന്നാണ് സൂചന.

നേരത്തെ ഇതേ അഭിഭാഷകൻ തന്നെയാണ് മെമ്മറി കാർഡ് കോടതിയിൽ സമർപ്പിച്ചത്.പ്രതി സുനിൽ കുമാർ അഭിഭാഷകനെ ഏൽപിച്ചത് അപകീർത്തികരമായ ദൃശ്യങ്ങളുടെ പകർപ്പാണെന്നാണ് സൂചന. ദ്യശ്യം പകർത്താനുപയോഗിച്ച മൊബൈൽ ഫോണും മെമ്മറി കാർഡും കായലിൽ എറിഞ്ഞു കളഞ്ഞെന്നാണ് പ്രതി ആവർത്തിക്കുന്നത്. യഥാർഥ മൊബൈൽ ഫോൺ കിട്ടാതെ വന്നാൽ ദൃശ്യങ്ങളുടെ ഈ പകർപ്പ് കേസിൽ നിർണായകമാകും.

പ്രത്യേകിച്ചും മുഖ്യ പ്രതി സുനിൽ കുമാർ തന്നെ നുണ പരിശോധനക്ക് വിസമ്മതം അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ. എന്നാൽ ഫോറൻസിക് പരിശോധനാ ഫലം ഔദ്യോഗികമായി തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കാത്തിരിക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.