തിരുവനന്തപുരം: നൂറു കോടി രൂപയുടെ ഫ്ലാറ്റ് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നടി ധന്യാ മേരി വര്‍ഗീസിനെയും ഭര്‍ത്താവ് ജോണിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സാംസണ്‍ ആന്‍ഡ് സണ്‍സ് ഫ്ലാറ്റ് തട്ടിപ്പ് കേസിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഡയറക്ടറും നടനുമാണ് ജോണ്‍. കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയാണ് ധന്യാ മേരി വര്‍ഗീസ്.

ഇരുവര്‍ക്കും പുറമെ സഹോദരന്‍ സാമുവലിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ നേരത്തെ ധന്യാ മേരി വര്‍ഗീസിന്റെ ഭര്‍തൃപിതാവ് ജേക്കബ് സാംസണെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാഗര്‍കോവിലില്‍ നിന്നാണ് മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തലസ്ഥാനത്ത് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ഫ്ലാറ്റ് തട്ടിപ്പായിരുന്നു സാംസണ്‍ ആന്‍ഡ് ബില്‍ഡേഴ്സിന്റേത്. കന്റോണ്‍മെന്റ്, പേരൂര്‍ക്കട പോലീസ് സ്റ്റേഷന്‍ പരിധികളിലായി നിരവധി പരാതികളാണ് ഇവര്‍ക്കെതിരെ ലഭിച്ചത്.

ഫ്ലാറ്റ് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് വിദേശ മലയാളികളുള്‍പ്പെടെ നിരവധി പേരില്‍ നിന്നു പണം വാങ്ങിയശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റ് നിര്‍മിച്ചു നല്‍കിയില്ലെന്നാണ് പ്രധാന പരാതി. ക്രൈം ഡിറ്റാച്ച്മെന്റാണ് ഇതുസംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്നത്. കസ്റ്റഡിയിലെടുത്ത ധന്യയെ കമ്മീഷണര്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.