കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ദിലീപിന്റെ ബിസിനസ് പങ്കാളികളിലേയ്ക്ക്. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് പങ്കാളികളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ഇതിനിടെ ഗൂഡാലോചന കേസില്‍ പ്രതി സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരെ കാക്കനാട് ജില്ലാ ജയിലില്‍ എത്തിച്ച് തെളിവെടുത്തു.

കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങളുണ്ടോ എന്നറിയാനാണ് ദിലീപിന്റെ ബിസിനസ് പങ്കാളികളില്‍ നിന്ന് മൊഴിയെടുത്തത്. നടിയും ദിലീപും തമ്മില്‍ സ്ഥലമിടപാട് സംബന്ധിച്ച തര്‍ക്കങ്ങളുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനാണ് ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് പങ്കാളികളെ ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തി മൊഴിയെടുത്തത്. 

ഇതിനിടെ നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ മുഖ്യപ്രതി സുനില്‍ കുമാര്‍, സഹതടവുകാരായ വിപിന്‍ ലാല്‍, മേസ്തിരി സുനി എന്നിവരെ കാക്കനാട് ജില്ലാ ജയിലില്‍ എത്തിച്ച് തെളിവെടുത്തു. ജയിലിലെ ഫോണ്‍ വിളി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇവരെ ജയിലില്‍ എത്തിച്ചത്. ചോദ്യം ചെയ്യലില്‍ വിഷ്ണുവാണ് സുനില്‍ കുമാറിന് വിളിക്കാനായി ഫോണ്‍ എത്തിച്ചതെന്ന് വ്യക്തമായിരുന്നു. 

ദിലീപില്‍ നിന്ന് പണം തട്ടുക എന്ന ലക്ഷ്യത്തോടെയായിന്നു ഫോണ്‍ വിളി . അതേ സമയം ഭീഷണിപ്പെടുത്തിയാണ് ദിലീപിനുള്ള കത്ത് സുനില്‍ കുമാര്‍ എഴുതിച്ചതെന്ന് വിപിന്‍ ലാല്‍ മൊഴി മാറ്റിയത് പൊലീസിനെ കുഴയ്ക്കൂന്നുണ്ട്. സമ്മര്‍ദ്ദം നിമിത്തമാണോ വിപിന്‍ ലാല്‍ മൊഴി മാറ്റിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.