കൊല്ലം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച നടനും സിപിഎം കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മുകേഷിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എംഎല്‍എയുടെ വീട്ടിലേക്ക് ബിജെപിയും ഓഫീസിലേക്ക് കോണ്‍ഗ്രസും മാര്‍ച്ച് നടത്തുന്നു.

ജനപ്രതിനിധികൂടിയായ മുകേഷ് ഒരു സ്ത്രീ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും കുറ്റാരോപിതര്‍ക്കുവേണ്ടി നിലകൊണ്ടുവെന്നും മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചുവെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചതിനെതിരെ പ്രതിഷേധം ശക്തമായതോടെ മുകേഷ് ഖേദം പ്രകടിപ്പിച്ചിരുന്നു. എംഎല്‍എ എന്ന നിലയില്‍ തുടക്കകാരനായതുകൊണ്ട് സംഭവിച്ച അബദ്ധമാണെന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

അതേസമയം മുകേഷിനെതിരെ എല്‍ഡിഎഫ് കൊല്ലം ജില്ലാ കമ്മറ്റിയിലും സിപിഎം ജില്ലാ നേതാക്കള്‍ക്കിടയിലും പ്രതിഷേധമുണ്ട്. മുകേഷിന്റെ നിലപാട് തെറ്റായിരുന്നുവെന്നും പാര്‍ട്ടി കൊടിയില്‍ ജയിച്ച ആളാണ് മറക്കരുതെന്നുമായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. മുകേഷിനെതിരെയുള്ള പ്രതിഷേധം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസിന്റെ ബിജെപിയുടെയും നീക്കം. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് അവരുടെ തീരുമാനം.