കൊച്ചി: നടിയെ അക്രമിച്ച കേസിലെ പ്രതി സുനില്‍കുമാറിന്റെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു . തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് അഭിഭാഷകനെതിരെ ചുമത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നായിരുന്നു സുനില്‍കുമാറിന്റെ മൊഴി.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായതിന് പിന്നാലെയാണ് അഭിഭാഷകന്‍ പ്രതീഷ് ചാക്കോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തിയത്. അലുവാ പോലീസ് ക്ലബില്‍ 10 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 8.30 വരെ നീണ്ടു. ചോദ്യം ചെയ്യലിനൊടുവില്‍ പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

നടിയെ അക്രമിക്കുന്ന ദ്യശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ അഭിഭാഷകന് കൈമാറിയെന്നായിരുന്നു സുനില്‍ കുമാറിന്റെ ആദ്യ മൊഴി. ദ്യശ്യങ്ങള്‍ ലഭിച്ചെങ്കിലും ചിത്രീകരിച്ച ഫോണ്‍ കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. മെമ്മറി കാര്‍ഡ് തനിക്ക് കൈമാറിയിട്ടില്ലെന്ന് പ്രതീഷ് ചാക്കോ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ചു.

കേസില്‍ സുനിലിനായി നേരത്തെ ഹാജരായിട്ടുണ്ട്.എന്നാല്‍ ഗൂഢാലോചനയിലോ തെളിവ് നശിപ്പിച്ചതിലോ തനിക്ക് പങ്കില്ലെന്ന മുന്‍ നിലപാടില്‍ അഴിഭാഷകന്‍ ഉറച്ച് നിന്നു. അഭിഭാഷകനെതിരെ തുടരന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും.എപ്പോള്‍ വിളിച്ചാലും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന ഉപാധിയോടെയാണ് അഭിഭാഷകനെ വിട്ടയച്ചത്.