ലാഹോര്‍: സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച നടിയെ പാക്കിസ്ഥാനില്‍ മൂന്ന് പേര്‍ ചേര്‍ന്ന് വെടിവച്ച് കൊന്നു. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലാണ് സംഭവം. നടിയെ കാലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

തോക്കുമായെത്തിയവര്‍ നടിയുടെ സംബുളിലെ വീട് കര്‍ക്കുകയും തീയിടുകയും ചെയ്തു. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇവര്‍ക്കൊപ്പം ചെല്ലാന്‍ നടിയോട് ആവശ്യപ്പെടുകയും എന്നാല്‍ നടി ഒപ്പം പോകാന്‍ വിസമ്മതിക്കുകയും ചെയ്തതോടെയാണ് ആക്രമണമുണ്ടായത്. അടുത്തുള്ള ആശുപത്രിയിലെത്തിക്കും മുമ്പ് യുവതി മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം യുവതിയുടെ കുടുംബത്തിന് വിട്ടു നല്‍കി.

നടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളില്‍ ഒരാള്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. മറ്റൊരാള്‍ പാഷ്‌തോ ഗായിക ഘസാല ജാവേദിന്റെ മുന്‍ ഭര്‍ത്താവാണ്. ഇയാള്‍ ഘസാലയെയും പിതാവ് ജാവേദ് ഖാനെയും കൊലപ്പെടുത്തിയ കേസില്‍ 2013ല്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഘസാലയുടെ കുടുംബവുമായി നടത്തിയ ഒത്തുതീര്‍പ്പില്‍ 2014ല്‍ ഇയാള്‍ ജയില്‍ മോചിതനാകുകയായിരുന്നു.