ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിക്കെതിരായ സിഎജി റിപ്പോര്‍ട്ട് വന്നതിനു തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലും അദാനി ഗ്രൂപ്പിന് തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. അവകാശ ധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ ഓസ്‌ട്രേലിയിലെ 16.5 ബില്യണ്‍ ഡോളറിന്‍റെ കല്‍ക്കരി പദ്ധതിയില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. തര്‍ക്കം പരിഹരിക്കന്‍ ക്യൂന്‍സ്ലാന്‍ഡ് സ്‌റ്റേറ്റ് സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് പിന്മാറ്റമെന്നും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ റിസോഴ്‌സസ് മിനിസ്റ്റര്‍ മാത്യൂ കാനവാനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി പദ്ധതിയായ കാര്‍മിക്കല്‍ പ്രൊജക്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ 2010ലാണ് തുടങ്ങിയത്. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങളും അവകാശ വിഷയങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളും മൂലം മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ക്യുന്‍സ്ലാന്‍ഡ് അദാനിക്കു മുമ്പാകെ വച്ച അവകാശ തുക മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് കുറവായിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് പറയുന്നു. എന്നാല്‍ മൊത്തംതുക കണക്കാക്കുമ്പോള്‍ തുല്യവുമായിരുന്നു.
രണ്ടര കോടി ടണ്‍ കല്‍ക്കരി ഒരു വര്‍ഷം എടുക്കുന്നതിന് അദാനി സര്‍ക്കാരിലേയ്ക്ക് 100 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ മുതല്‍ 150 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെ നല്‍കണമെന്നാണ് നിര്‍ദേശം .അന്തിമ തുക നിലവിലിരിക്കുന്ന കല്‍ക്കരി വിലയെ അടിസ്ഥാനമായും നിശ്ചയിക്കും. പ്രൊജക്ടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഈ വര്‍ഷം അവസാനത്തോടെ അദാനി ഗ്രൂപ്പ് എടുത്തേക്കുമെന്നരിക്കേയാണ് അവകാശ തര്‍ക്കം ഉടലെടുക്കുന്നത്.
പ്രൊജക്ടിന്റെ കാര്യത്തില്‍ അദാനിയുടെ തീരുമാനം അവകാശ നയം സംബന്ധിച്ച ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. പദ്ധതിക്കായി എത്ര നികുതി അടയ്‌ക്കേണ്ടിവരുമെന്ന് വ്യക്തമാകാതെ ഇക്കാര്യത്തില്‍ അദാനി തീരുമാനമെടുക്കുമെന്ന് കരുതനാവില്ല. പന്ത് ഇപ്പോള്‍ ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാരിന്റെ കോര്‍ട്ടിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
