തിരുവനന്തപുരം: മതവികാരം വ്രണപ്പെട്ടുവെന്ന പേരില്‍ വിവാദത്തിലായ സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ ഒരൂ അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്നു തുടങ്ങുന്ന ഗാനത്തിന് പിന്തുണയുമായി പോപ്പുലര്‍ ഫ്രണ്ട്. ചിത്രത്തിലെ പാട്ട് നിരോധിക്കണമെന്ന അഭിപ്രായം ഇല്ലെന്ന് പോപ്പുലർ ഫ്രണ്ട് വ്യക്തമാക്കി.
വിഷയത്തിൽ ആരോഗ്യപരമായ ചർച്ചകൾ നടക്കട്ടെ.ഈ പാട്ട് കൊണ്ട് ഇസ്ലാം മതത്തിനോ മതനേതാക്കൾക്കോ ഒരു പരിക്കും പറ്റില്ലെന്നും സംസ്ഥാന സമിതി അംഗം സി അബ്ദുൾ ഹമീദ് പ്രതികരിച്ചു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ വിവാദ ഗാനം പിന്‍വലിക്കില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു നേരത്തെ അറിയിച്ചിരുന്നു. ഗാനം പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജനപിന്തുണ കരുതി തീരുമാനം മാറ്റുകയായിരുന്നു.
പാട്ടിനെതിരെ ഹൈദരാബാദില ഒരു സംഘമാണ് ആദ്യം പരാതി നല്‍കിയത്. പാട്ട് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു പരാതി. ഹൈദരാബാദ് പൊലീസ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ മലയാള സിനിമ അഡാര്‍ ലൗവിലെ പ്രണയഗാനം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തെലങ്കാനയില്‍ ഒരു സംഘം മുസ്ലീം യുവാക്കള്‍ ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ക്കെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ചിത്രത്തിലെ മാണിക്യമലരായ പൂവി.... എന്ന ഗാനം പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്ന് യുവാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ഇതിലെ പ്രവാചക വിരുദ്ധത വ്യക്തമായെന്നും ഇവരുടെ പരാതിയില്‍ പറയുന്നുണ്ട്.
