തിരുവനന്തപും: ജിഷ കൊലക്കേസ് സംബന്ധിച്ച അന്വേഷണം ആദ്യംമുതല്‍ തുടങ്ങുമെന്ന് എഡിജിപി ബി സന്ധ്യ പറഞ്ഞു. ദക്ഷിണ മേഖലാ എഡിജിപിയായി ചുമതലയേറ്റ ശേഷം ഏഷ്യാനെറ്റ് ന്യൂസിനോടാണ് ബി സന്ധ്യ ഇക്കാര്യം പറഞ്ഞത്. പുതിയ അന്വേഷണസംഘം യോഗം ചേരും. നിലവില്‍ കേസ് അന്വേഷിച്ച സംഘവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എ‍‍‍ഡിജിപി ബി സന്ധ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജിഷ കൊലക്കേസ് പ്രതികളെ പിടികൂടാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. കേസന്വേഷണ ചുമതലയേറ്റെടുക്കുന്ന എ‍‍‍ഡിജിപി ബി സന്ധ്യ ഇന്നു പെരുമ്പാവൂരിലെത്തും. കൊലപാതകം നടന്ന ജിഷയുടെ വീട് ഇന്നു ബി സന്ധ്യ സന്ദര്‍ശിക്കുന്നുണ്ട്. ജിഷയുടെ അമ്മയെയും സഹോദരിയെയും എഡിജിപി ബി സന്ധ്യ സന്ദര്‍ശിക്കും. ഇതുവരെയുള്ള അന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുകയും ചെയ്യും. പുതിയ അന്വേഷണ സംഘത്തിന്റെ യോഗം ആലുവ പൊലീസ് ക്ലബില്‍ ചേരും.

ജിഷ കൊലക്കേസ് അന്വേഷണത്തിന് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ പിണറായി സര്‍ക്കാര്‍ ചുമതലയേറ്റശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. അന്വേഷണ ചുമതലയേറ്റെടുത്ത കാര്യം എഡിജിപി ബി സന്ധ്യ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടെത്തി അറിയിച്ചിരുന്നു. കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചും എഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.