ഉന്നതഉദ്യോ​ഗസ്ഥർക്ക് പോലീസുകാർ ദാസപ്പണി ചെയ്യുന്നത് അവസാനിപ്പിക്കാൻ മുൻഡിജിപി ടി.പി.സെൻകുമാർ ശ്രമിച്ചിരുന്നുവെങ്കിലും ഉദ്യോ​ഗസ്ഥലോബിയുടെ സമ്മർദ്ദം മൂലം അത് പരാജയപ്പെടുകയായിരുന്നു

തിരുവനന്തപുരം: ഡ്രൈവറെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം എഡിജിപി സുധേഷ്കുമാറിനെതിരെയും നീളും. ഡ്രൈവറെ കൊണ്ട് ദാസ്യപ്പണി ചെയ്യിച്ചത് പൊലീസ് ആക്ടിൻറെ ലംഘനമായത് കൊണ്ടാണിത്. പരിക്കേറ്റ ഗവാസ്ക്കറിൻറെ കഴുത്തിൻറെ കശേരുവിന് സാരമായ പരിക്കുണ്ടെന്നുള്ള മെഡിക്കൽ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടം. പക്ഷെ സുധേഷ്കുമാറിന്റെ ഔദ്യോഗിക കാറിലാണ് കനക്കകുന്നിൽ മകളെയും ഭാര്യയെയും പ്രഭാതസവാരിക്കായി പൊലീസ് ഡ്രൈവർ കൊണ്ടുവന്നത്. വണ്ടിക്കുള്ളിൽ വെച്ചാണ് മകൾ ഡ്രൈവറെ അടിച്ചത്. 

എഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് മകളെ പ്രഭാതസവാരിക്ക് ഔദ്യോഗിക വാഹനത്തിൽ കൊണ്ടുപോയതെന്നാണ് ഡ്രൈവർ ഗവാസ്ക്കറിന്റെ മൊഴി. പൊലീസ് ഡ്രൈവറെ ദാസ്യപ്പണിക്ക് ഉപയോഗിച്ചത് കേരള പൊലീസ് ആക്ടിൻറെ 99 ‌ വകുപ്പിൻറെ ലംഘനമാണിത്. ആറ് മാസം വരെ തടവും പിഴ.യുമാണ് ചട്ടലംഘനത്തിനുള്ള ശിക്ഷ ദാസ്യപ്പണിക്ക് അപ്പുറം ഔദ്യോഗിക കാർ ദുരുപയോഗം ചെയ്തതും വ്യക്തം. 

അതേ സമയം ഡ്രൈവർക്കെതിരെ എഡിജിപിയുടെ മകൾ കൊടുത്ത പരാതിയിൽ ഗവാസക്ക്ർക്കെതിരെ കടുത്ത നടപടിയിലേക്ക് പൊലീസ് കടക്കാനിടയില്ല. മകളുടെ പരാതിയിൽ ഗവാസ്ക്കറെ കുടുക്കാനുള്ള എഡിജിപിയുടെ നീക്കം പാളിയത് മുഖ്യമന്ത്രി ഇടപെട്ടതോടെയാണ്.

ദാസ്യപ്പണി വിവാദമായതോടെ അനധികൃതമായി വീട്ടിൽ നിർത്തിയിരുന്ന പല പൊലീസുകാരെയും ഉന്നത ഉദ്യോഗസ്ഥർ തിരിച്ചയച്ച് തുടങ്ങി. വർക്കിംഗ് അറേഞ്ച്മെന്റെന്ന പേരിൽ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പമുള്ള പൊലീസുകാരെ മാറ്റാൻ മുൻ ഡിജിപി ടിപി സെൻകുമാർ ശ്രമിച്ചെങ്കിലും പൊലീസ് ഓഫീസർമാർ ശക്തമായി എതിർത്തിരുന്നു.ആശുപത്രിയിൽ കഴിയുന്ന ഗവാസ്ക്കറുടെ കഴുത്തിന് കശേരുവിനെ സാരമായ പരിക്കുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട് പറയുന്നത്.